കേരളത്തിൽ സ്വർണവിലയിൽ അഭൂതപൂർവമായ വർധന. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 1,23,220 രൂപയാണ് വില. ഗ്രാമിന് 1275 രൂപയുടെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് സ്വർണവില എത്തിനിൽക്കുന്നത്. മെയ് അഞ്ചിന് രേഖപ്പെടുത്തിയ 1,09,400 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

സ്വർണ ഇറക്കുമതി തീരുവയിൽ വരുത്തിയ മാറ്റങ്ങളാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. നിലവിൽ അഞ്ച് ശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസ് കൂടി ഏർപ്പെടുത്തിയതോടെ ആകെ നികുതി ഭാരം 15 ശതമാനമായി ഉയർന്നു. നേരത്തെ ഇത് ആറ് ശതമാനം മാത്രമായിരുന്നു.

ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകർച്ച തടയുക എന്നതാണ് ഈ കർശന നടപടികളിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അസംസ്‌കൃത എണ്ണയും സ്വർണവും ഇറക്കുമതി ചെയ്യുന്നതിനായി വലിയ തോതിൽ ഡോളർ ചെലവാകുന്നത് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യം മറികടക്കാൻ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് കേന്ദ്രം നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

സ്വർണത്തിന്റെ അമിതമായ ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു. വരുംദിവസങ്ങളിലും സ്വർണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Photo and News Source: Sathyam Online