തൃശൂര്‍ ചാലക്കുടി വെറ്റിലപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അശ്വിന്‍ ആന്റോ (24), ചാലക്കുടി കൈതേയില്‍ ധീരജ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം നടന്നത്. വെറ്റിലപ്പാറ വൈശേരിയിലുള്ള ഒരു കോഴി ഫാമിലേക്ക് സുഹൃത്തുക്കളോടൊപ്പം ബൈക്കിലെത്തിയതായിരുന്നു ഇവര്‍.
ബൈക്കുകള്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം ഫാമിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഘം കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. പെട്ടെന്നുണ്ടായ ആനയുടെ സാന്നിധ്യം കണ്ട് ഭയന്ന അശ്വിനും ധീരജും തിരിഞ്ഞോടാന്‍ ശ്രമിച്ചു. ഇതിനിടെ ആന ഇവരെ തുമ്പിക്കൈ കൊണ്ട് തട്ടിയിടുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മോതിരക്കണ്ണി സ്വദേശി സഞ്ജുകൃഷ്ണ (23), കുണ്ടുകുഴിപാടം സ്വദേശി ശ്രീമോന്‍ (24) എന്നിവര്‍ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ആക്രമണത്തില്‍ പരിക്കേറ്റ അശ്വിനെയും ധീരജിനെയും ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കറുകുറ്റിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നത് നാട്ടുകാരില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
Photo and News Source: Siraj Live










