രാജ്യത്ത് സ്വർണവില ഇനിയും വർധിക്കുമെന്ന് സൂചന. സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ പത്ത് ശതമാനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിദേശ നാണ്യ ശേഖരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ ഈ നിർണായക നടപടി. മെയ് 13 അർദ്ധരാത്രി മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

ഈ നികുതി വർധനവ് പ്രാദേശിക വിപണിയിലും വലിയ പ്രതിഫലനമുണ്ടാക്കും. സ്വർണവില കുതിച്ചുയരുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുക. സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇറക്കുമതി തീരുവയിലെ ഈ വർധനവ് ഉണ്ടായിരിക്കുന്നത്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന ആശങ്കകൾക്കിടയിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഇറക്കുമതി തീരുവയിലെ വർധനവ് സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ സ്വർണവിലയിൽ കൂടുതൽ വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Photo and News Source: Kairali News