സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കോട്ടയം ഉഴവൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് ഡ്രൈവർക്ക് പരിക്കേറ്റു. പൂവത്തുങ്കൽ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്. ഭാഗ്യവശാൽ ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത് ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.

മലപ്പുറം പാണ്ടിക്കാട് ജിഎംഎൽപി സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു. വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. സ്കൂളിൽ ആ സമയത്ത് ആരും ഇല്ലാത്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി. എറണാകുളം മൂവാറ്റുപുഴയിൽ കാർ സർവീസ് സെന്ററിന്റെ മേൽക്കൂര തകർന്ന് നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കോതമംഗലം, കുട്ടമ്പുഴ മേഖലകളിലും വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരം നെയ്യാർ ഡാം പരിസരത്ത് കൂറ്റൻ മരം കടപുഴകി വീണ് മതിലിന്റെ ഒരു ഭാഗം തകർന്നു. രണ്ട് ബൈക്കുകൾക്കും കേടുപാടുകൾ പറ്റി. കൂടാതെ, മരക്കുന്നം സ്വദേശികളായ വസന്തയുടെയും മകൻ മനോജിന്റെയും വീടിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നുപോയി. നാട്ടുകാർ ഇടപെട്ടാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പത്തനംതിട്ട നാറാണമൂഴിയിലും ചെല്ലാനത്തും വീടുകൾ തകരുകയും മരങ്ങൾ വീഴുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

Photo and News Source: Asianet News