പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി പൊതുനിരത്തുകളിൽ നിസ്കാരം നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ബിജെപി എംഎൽഎ അർജുൻ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിസ്കാരം പള്ളികളിൽ മാത്രം നിർവഹിക്കണമെന്നും റോഡുകളിൽ അനുവദിക്കില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.
കൊൽക്കത്തയിലെ റെഡ് റോഡ് ഏരിയയിലുൾപ്പെടെയുള്ള വലിയ മതപരമായ കൂട്ടായ്മകൾ ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവുകൾ കൂടി പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയതെന്ന് അർജുൻ സിംഗ് വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഇതുസംബന്ധിച്ച കർശന നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു.
മതപരമായ ഒത്തുചേരലുകൾക്ക് പുറമെ കന്നുകാലിക്കടത്ത്, കല്ലേറ് തുടങ്ങിയ വിഷയങ്ങളിലും കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. അനധികൃത കന്നുകാലി ചന്തകൾ അടിയന്തരമായി അടച്ചുപൂട്ടാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തി ജില്ലകളിലും സെൻസിറ്റീവ് മേഖലകളിലും നിരീക്ഷണം ശക്തമാക്കാനും കള്ളക്കടത്ത് ശൃംഖലകൾ തകർക്കാനും ഭരണകൂടം ഉത്തരവിട്ടു.
മുൻ തൃണമൂൽ കോൺഗ്രസ് സർക്കാരിലെ പ്രമുഖർക്ക് കന്നുകാലി കള്ളക്കടത്ത് സിൻഡിക്കേറ്റുകളുമായി ബന്ധമുണ്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. പുതിയ തീരുമാനങ്ങൾ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ സംവാദങ്ങൾക്ക് വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്. അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്തരം നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നത് സർക്കാരിന്റെ നയപരമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.
Photo and News Source: Siraj Live










