തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഭരണതലപ്പത്ത് വൻ അഴിച്ചുപണിയുമായി വിജയ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലും മാറ്റങ്ങളിലും വലിയ മാറ്റങ്ങളാണ് സർക്കാർ വരുത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള മലയാളിയായ വി വിഷ്ണുവിന്റെ നിയമനമാണ്. കൊച്ചി സ്വദേശിയായ 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് വി വിഷ്ണു. ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു.

മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വിശ്വസ്തനായിരുന്ന ധനകാര്യ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി. ഉദയചന്ദ്രന് പകരം എം.എ. സിദ്ദിഖിനെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. കൂടാതെ, തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയ ചീഫ് സെക്രട്ടറി എം. മുരുഗാനന്ദനെ റവന്യൂ കമ്മീഷണറായി നിയമിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ അദ്ദേഹം അവധിയിൽ പ്രവേശിച്ചിരുന്നു. ടാസ്മാക് എം.ഡി സ്ഥാനത്തും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കെ. നന്ദകുമാറിനാണ് പുതിയ ചുമതല.

മറ്റൊരു പ്രധാന നിയമനം വിരുഗമ്പാക്കം എം.എൽ.എ ആർ. ശബരീനാഥന്റേതാണ്. മുഖ്യമന്ത്രി വിജയ്‍യുടെ ഡ്രൈവറും പി.എയുമായ രാജേന്ദ്രന്റെ മകനാണ് ശബരീനാഥൻ. ഇദ്ദേഹത്തെ ക്യാബിനറ്റ് റാങ്കോടെ സർക്കാർ വിപ്പായി നിയമിച്ചു. എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒപ്പിടുന്നതിന് മുൻപ് വിജയ്‍യോട് അനുവാദം ചോദിക്കുന്ന ശബരീനാഥന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഡ്രൈവറുടെ മകന് മത്സരിക്കാൻ അവസരം നൽകിയതിനെതിരെ നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ പരിഹാസവുമായി രംഗത്തെത്തിയിരുന്നു.

Photo and News Source: Asianet News