യുഎഇയില്‍ വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമേകാന്‍ പുതിയ എഐ ചാറ്റ്‌ബോട്ടൊരുക്കി സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയം. മന്ത്രാലയം പുറത്തിറക്കിയ 'എസന്‍ഷ്യല്‍ ഗുഡ്സ് പ്രൈസ് പ്ലാറ്റ്‌ഫോമിലാണ്' ഈ നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത്. വിപണിയിലെ വിവിധ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ഈടാക്കുന്ന അമിതവില നിയന്ത്രിക്കാനും ഉപഭോക്താക്കള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാനുമാണ് ഈ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്.
ഉപയോക്താക്കള്‍ക്ക് എഐ അസിസ്റ്റന്റുമായി നേരിട്ട് സംവദിക്കാനുള്ള സൗകര്യം ഇതിലുണ്ട്. ഓരോ വ്യക്തിയുടെയും ഷോപ്പിങ് ശീലങ്ങളും ആവശ്യങ്ങളും വിശകലനം ചെയ്തുകൊണ്ട്, ഏറ്റവും കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ലഭിക്കുന്ന ഔട്ട്‌ലെറ്റുകള്‍ കണ്ടെത്താന്‍ ഈ ചാറ്റ്‌ബോട്ട് സഹായിക്കും. സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്ത് തങ്ങള്‍ക്ക് അനുയോജ്യമായ ഔട്ട്‌ലെറ്റുകള്‍ തിരഞ്ഞെടുക്കാന്‍ താമസക്കാര്‍ക്ക് സാധിക്കും.
വിപണിയിലെ വിലനിലവാരത്തില്‍ സുതാര്യത ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യം. വ്യാപാരികളുമായി നേരിട്ടുള്ള ഇലക്ട്രോണിക് ലിങ്ക് വഴി ദിവസവും വിലവിവരങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. നിലവില്‍ കൂടുതല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ഈ സംവിധാനത്തിന്റെ ഭാഗമായി വരുന്നുണ്ട്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ സേവനം ലഭ്യമാണ്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കാണിക്കുന്ന വിലയും യഥാര്‍ത്ഥ സ്റ്റോറിലെ വിലയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് 8001222 എന്ന നമ്പറില്‍ വിളിച്ച് പരാതിപ്പെടാവുന്നതാണ്. സാധാരണക്കാരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും ഷോപ്പിങ് കൂടുതല്‍ എളുപ്പമാക്കാനും ഈ സംവിധാനം വലിയ രീതിയില്‍ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
Photo and News Source: Samakalika Malayalam










