ശരീരഭാരം കുറച്ച് പഴയ രൂപത്തിലേക്ക് മടങ്ങാൻ തീരുമാനിച്ച നടി ജ്യോതി കൃഷ്ണ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ വെയ്റ്റ് ലോസ് യാത്ര ആരംഭിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് പനി വില്ലനായത്. ഈ സാഹചര്യത്തെ വളരെ രസകരമായി സോഷ്യൽ മീഡിയയിലൂടെ താരം തന്നെ പങ്കുവെച്ചിരിക്കുകയാണ്. താൻ നന്നാകാൻ തീരുമാനിച്ചപ്പോൾ തന്നെ ആശുപത്രിയിൽ കിടക്കേണ്ടി വന്നതിനെ സ്വയം ട്രോളിക്കൊണ്ടാണ് ജ്യോതി രംഗത്തെത്തിയത്.
'പവനായിക്ക് അങ്ങനെ പനിയായി ഗയ്സ്. ഒരു മനുഷ്യനെ ഒരു തരത്തിലും നന്നാവാൻ സമ്മതിക്കില്ല...' എന്ന രസകരമായ കുറിപ്പോടെയാണ് താരം ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. സലിം കുമാറിന്റെ പ്രശസ്തമായ കോമഡി ഡയലോഗ് പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ വീഡിയോ ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. 'ഞാൻ പിന്നെ നന്നായിക്കൊള്ളാം' എന്ന് പറയുന്ന മറ്റൊരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
തന്റെ ശരീരഭാരം 81 കിലോ ആയെന്നും, ഇത് തന്റെ ആത്മവിശ്വാസത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ജ്യോതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വർക്ക് ഔട്ട് തുടങ്ങാനിരിക്കെയാണ് അസുഖം ബാധിച്ചത്. ജ്യോതിയുടെ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് സ്നേഹപൂർവ്വമായ കമന്റുകളുമായി എത്തുന്നത്. 'വേഗം സുഖം പ്രാപിക്കട്ടെ', 'തിരിച്ചുവരവ് ഇതിലും ഗംഭീരമായിരിക്കും' എന്നിങ്ങനെ താരത്തിന് ആത്മവിശ്വാസം പകരുന്ന പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
'ലൈഫ് ഓഫ് ജോസൂട്ടി', 'പാതിരാമണൽ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ജ്യോതി കൃഷ്ണ ഇപ്പോൾ ദുബായിലാണ് താമസം. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും തളരാതെ, നർമ്മത്തിൽ പൊതിഞ്ഞ രീതിയിൽ തന്റെ അവസ്ഥ പങ്കുവെച്ച താരത്തിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
Photo and News Source: Samakalika Malayalam










