സംസ്ഥാനത്തെ ഹോട്ടൽ, ബേക്കറി, കാറ്ററിംഗ് മേഖലകൾ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾക്കെതിരെ തിരുവാങ്കുളം മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ഗ്യാസ് വിലവർദ്ധനവും തുടർച്ചയായ ഗ്യാസ് ക്ഷാമവും കാരണം ഈ മേഖലയിലെ പ്രവർത്തനം അസാധ്യമായ സാഹചര്യത്തിലാണ് വ്യാപാരികൾ തെരുവിലിറങ്ങിയത്. തിരുവാങ്കുളം ജംഗ്ഷനിൽ അടുപ്പ് കൂട്ടി ഗ്യാസ് സിലിണ്ടർ പുഴുങ്ങിക്കൊണ്ടുള്ള വ്യത്യസ്തമായ പ്രതിഷേധമാണ് ഇവർ നടത്തിയത്.

ലക്ഷക്കണക്കിന് തൊഴിലാളികൾ ഉപജീവനം കണ്ടെത്തുന്ന ഹോട്ടൽ മേഖലയെ തകർക്കുന്ന ഈ പ്രശ്നങ്ങളിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ചോറ്റാനിക്കര പ്രസിഡന്റ് ശ്രീദേവ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് സുഷിൽ കോത്താരി അധ്യക്ഷത വഹിച്ച യോഗത്തിൽ മർച്ചന്റ്സ് അസോസിയേഷൻ തിരുവാങ്കുളം യൂണിറ്റ് പ്രസിഡന്റ് രാജൻ ജോസഫ്, സാം തോമസ്, സീന സജീവ്, സി.കെ. ബിനോയ്, സലീൽ കോത്താരി, ജിനു ദേവ് എന്നിവർ സംസാരിച്ചു.

Photo and News Source: Kerala Kaumudi Latest