അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ രണ്ടാം തവണയാണ് അദ്ദേഹം സംസ്ഥാനത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. ഗുവാഹത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളജ് മൈതാനത്ത് വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രിക്കൊപ്പം നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അസം ഗണ പരിഷത്ത് അധ്യക്ഷൻ അതുൽ ബോറ, ബിപിഎഫ് പ്രതിനിധി ചരൺ ബോറോ, മുൻ കേന്ദ്രമന്ത്രി രാമേശ്വർ തേലി, അസമിലെ ആദ്യ വനിതാ ധനമന്ത്രി അജന്ത നിയോഗ് എന്നിവരാണ് മന്ത്രിസഭയിൽ ഉൾപ്പെട്ടത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിർമ്മല സീതാരാമൻ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

126 അംഗങ്ങളുള്ള അസം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ സ്വന്തമാക്കിയാണ് എൻഡിഎ സഖ്യം മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിയത്. വൻ ഭൂരിപക്ഷത്തോടെയുള്ള ഈ വിജയം ബിജെപിയുടെ സംസ്ഥാനത്തെ സ്വാധീനം വ്യക്തമാക്കുന്നതാണ്. മുതിർന്ന ബിജെപി നേതാവ് രഞ്ജിത് കുമാർ ദാസ് നിയമസഭാ സ്പീക്കറായി ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

Photo and News Source: Siraj Live