ബോളിവുഡ് താരം കരീന കപൂറിന് വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടുള്ള താല്പര്യം ആരാധകർക്ക് ഏറെ പരിചിതമാണ്. വെണ്ണ പുരട്ടിയ ആലു പൊറോട്ട മുതൽ ബിരിയാണി വരെ ഇഷ്ടപ്പെടുന്ന തനി പഞ്ചാബി ശൈലിയിലുള്ള ഭക്ഷണരീതിയാണ് കരീനയുടേത്. പ്രിയപ്പെട്ട വിഭവങ്ങൾ കഴിക്കുമ്പോഴും കൃത്യമായ ഫിറ്റ്‌നസ് നിലനിർത്തുന്നതിൽ താരം ശ്രദ്ധിക്കാറുണ്ട്. സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കറുമായുള്ള സഹകരണത്തിന് ശേഷമാണ് വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കരീന കൂടുതൽ തുറന്നു സംസാരിക്കാൻ തുടങ്ങിയത്.
രുജുതയുമായുള്ള ഒരു ടോക്ക് ഷോയിൽ സംസാരിക്കവേ, താനും ഭർത്താവ് സെയ്ഫ് അലി ഖാനും ചേർന്ന് പാചകം ചെയ്യുന്നത് ഏറെ ആസ്വദിക്കാറുണ്ടെന്ന് കരീന വ്യക്തമാക്കി. "ഭക്ഷണം സ്വന്തമായി പാചകം ചെയ്യുക, വീട്ടിൽ നിന്ന് കഴിക്കുക എന്ന രുജുതയുടെ ശൈലി ഞങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി. അത് ദമ്പതികൾ എന്ന നിലയിൽ ഞങ്ങളുടെ വ്യക്തിത്വത്തിലും പ്രതിഫലിക്കുന്നുണ്ട്," കരീന പറഞ്ഞു. വീട്ടിലെ മികച്ച പാചകക്കാരൻ സെയ്ഫ് ആണെന്നും, പുരുഷന്മാർ മികച്ച ഷെഫുമാരാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ ഏറ്റവും പ്രിയപ്പെട്ട 'കംഫർട്ട് ഫുഡ്' ദാൽ കിച്ഡിയാണെന്ന് കരീന വെളിപ്പെടുത്തി. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമെങ്കിലും കിച്ഡി കഴിച്ചില്ലെങ്കിൽ തനിക്ക് ഉറക്കം പോലും വരില്ലെന്ന് താരം തമാശരൂപേണ പറയുന്നു. "എനിക്ക് കിച്ഡി വേണം, ഇല്ലെങ്കിൽ രാത്രി ഉറക്കം വരില്ല. ആഴ്ചയിൽ അഞ്ച് ദിവസം വരെ കിച്ഡി കഴിക്കാൻ എനിക്ക് മടിയില്ല. ഇന്നും എന്റെ ഡിന്നർ അത് തന്നെയാണ്," കരീന തന്റെ ഭക്ഷണത്തോടുള്ള ഇഷ്ടം പങ്കുവെച്ചു. വീട്ടുഭക്ഷണത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ലെന്നും താരം ഉറപ്പിച്ചു പറയുന്നു.
Photo and News Source: Mathrubhumi










