നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ജനവിധി അനുകൂലമായിട്ടും പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് കാരണം അന്തിമ തീരുമാനമെടുക്കാന്‍ വൈകുന്നതിനെതിരെ വലിയ ജനവികാരമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇടപെടലുകള്‍ ശക്തമാക്കിയത്.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ പൂര്‍ണതൃപ്തനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ വ്യക്തമാക്കി. തന്റെ നിലപാടുകളും ജനവികാരവും ഹൈക്കമാന്‍ഡിനെ കൃത്യമായി ധരിപ്പിച്ചിട്ടുണ്ടെന്നും, എന്നാല്‍ ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്തിമ തീരുമാനം നാളെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.പി.സി.സി മുന്‍ പ്രസിഡന്റുമാരും വര്‍ക്കിങ് പ്രസിഡന്റുമാരുമുള്‍പ്പെടെയുള്ള പ്രധാന നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. വി.എം. സുധീരന്‍, കെ. മുരളീധരന്‍, എം.എം. ഹസന്‍, കെ. സുധാകരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍ എന്നിവരുമായി ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് നടന്നത്.

മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം നീക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് വൈകിട്ട് ദില്ലിയിലെത്തും. ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്ന അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ പതിവ് ശൈലിയായ ഗ്രൂപ്പ് പോര് ജനവിധിക്ക് മുകളില്‍ ഉയര്‍ത്തിക്കാട്ടുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമാണ്.

Photo and News Source: Sathyam Online