ഉപയോക്താക്കളുടെ വിവരങ്ങൾ കൂടുതൽ സുരക്ഷിതമായും എളുപ്പത്തിലും കൈകാര്യം ചെയ്യുന്നതിനായി 2024-ൽ ഗൂഗിൾ അവതരിപ്പിച്ച ആപ്ലിക്കേഷനാണ് ഗൂഗിൾ വാലറ്റ്. ഐഡി കാർഡുകൾ, ബോർഡിംഗ് പാസുകൾ, മെട്രോ ടിക്കറ്റുകൾ തുടങ്ങിയവ ഒരിടത്ത് സൂക്ഷിക്കാൻ ഈ ആപ്പ് സഹായിക്കുന്നു. ഇപ്പോൾ ആധാർ കാർഡിന്റെ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നതാണ് ഏറ്റവും പുതിയ വാർത്ത.
ഇതോടെ യഥാർത്ഥ ആധാർ കാർഡ് കൈവശമില്ലാത്ത സാഹചര്യങ്ങളിലും ഗൂഗിൾ വാലറ്റ് ഉപയോഗിച്ച് തിരിച്ചറിയൽ രേഖയായി ഇത് കാണിക്കാൻ സാധിക്കും. കാർഡ് നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിനും ദുരുപയോഗം തടയുന്നതിനും ഈ സംവിധാനം സഹായിക്കുന്നു. കൂടാതെ, പ്രായപരിശോധനയ്ക്കും ഈ ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്താം. നിലവിൽ ഭാരത് മാട്രിമോണി വെബ്സൈറ്റിൽ ഈ സേവനം ലഭ്യമാണ്. മൈഗേറ്റ്, സ്നാബിറ്റ് തുടങ്ങിയ സേവനങ്ങളിലും ഉടൻ തന്നെ ഈ സൗകര്യം ലഭ്യമാകും.
ഗൂഗിൾ വാലറ്റിൽ ആധാർ ചേർക്കുന്നതിനായി ആദ്യം ഗൂഗിൾ വാലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യുക. ലഭ്യമായ ഐഡികളിൽ നിന്ന് ആധാർ തിരഞ്ഞെടുക്കുമ്പോൾ ആപ്പ് എം-ആധാർ (mAadhaar) ആപ്പിലേക്ക് റീഡയറക്ട് ചെയ്യും. അവിടെ ആധാർ നമ്പർ നൽകി ലോഗിൻ ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി (OTP) നൽകി തിരിച്ചറിയൽ സ്ഥിരീകരിക്കുക. തുടർന്ന് 'ആഡ് ടു വാലറ്റ്' (Add to Wallet) ബട്ടൺ അമർത്തി ഗൂഗിൾ വാലറ്റ് തിരഞ്ഞെടുക്കുക. വെരിഫിക്കേഷൻ പൂർത്തിയാകുന്നതോടെ ആധാർ കാർഡ് നിങ്ങളുടെ ഗൂഗിൾ വാലറ്റിൽ ദൃശ്യമാകും.
Photo and News Source: Kairali News










