അമേരിക്കൻ വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇറാനിയൻ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ തങ്ങളുടെ വ്യോമതാവളങ്ങളിൽ രഹസ്യമായി അഭയം നൽകിയതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ്-ഇറാൻ സംഘർഷം ലഘൂകരിക്കാൻ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ, ഇറാനിയൻ വിമാനങ്ങളെ തങ്ങളുടെ നൂർ ഖാൻ വ്യോമതാവളത്തിൽ പാർക്ക് ചെയ്യാൻ അനുവദിച്ചുവെന്നാണ് റിപ്പോർട്ടിലെ പ്രധാന ആരോപണം.
ഏപ്രിൽ മാസത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കങ്ങൾ നടന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഇറാനിയൻ വ്യോമസേനയുടെ ആർസി-130 രഹസ്യാന്വേഷണ വിമാനം ഉൾപ്പെടെയുള്ളവ പാകിസ്ഥാനിലെ താവളത്തിൽ എത്തിയതായാണ് സൂചന. എന്നാൽ, നഗരമധ്യത്തിലുള്ള നൂർ ഖാൻ വ്യോമതാവളത്തിൽ ഇത്തരമൊരു കാര്യം രഹസ്യമായി ചെയ്യാൻ കഴിയില്ലെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥർ ഈ വാദങ്ങളെ തള്ളിക്കളഞ്ഞു.
ഇതിനിടെ, ഇറാനിയൻ സിവിലിയൻ വിമാനങ്ങൾ അഫ്ഗാനിസ്ഥാനിലും പാർക്ക് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് ഈ വാർത്ത നിഷേധിച്ചു. ഇറാൻ അഫ്ഗാനിസ്ഥാനെ ഇതിനായി ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പാകിസ്ഥാന്റെ ഇരട്ടത്താപ്പ് നയത്തെ വിമർശിച്ച് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാന്റെ മധ്യസ്ഥതയിലുള്ള പങ്കിനെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Photo and News Source: Janmabhumi








