പുണെയിലെ നസ്രാപുരിൽ നാലു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് പുണെ നഗരത്തിൽ വൻ നിശ്ശബ്ദ പ്രതിഷേധം അരങ്ങേറി. മേയ് ഒന്നിന് നടന്ന ഈ ദാരുണമായ സംഭവത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് പൗരന്മാരാണ് തെരുവിലിറങ്ങിയത്.

പുണെ ജെ.എം റോഡിലെ ബാലഗന്ധർവ ചൗക്കിൽനിന്ന് ആരംഭിച്ച് ഡെക്കാനിലെ സവർക്കർ ഭവൻ വരെ നീണ്ട മാർച്ചിൽ സ്ത്രീകൾ, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, സാമൂഹിക പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അണിനിരന്നു. വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച പ്രതിഷേധം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു.

ഇരയായ കുട്ടിക്ക് നീതി ലഭിക്കണമെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും ആവശ്യപ്പെടുന്ന പ്ലക്കാർഡുകളും ബാനറുകളും പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചിരുന്നു. ക്രമസമാധാനം ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി വൻ പോലീസ് സന്നാഹത്തെയും പ്രദേശത്ത് വിന്യസിച്ചിരുന്നു.

ഈ സംഭവത്തിൽ പുണെ ജില്ലയിലുടനീളം പ്രതിഷേധങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കേസിൽ വേഗത്തിലുള്ള നടപടികളും വിചാരണയും പൂർത്തിയാക്കി കുറ്റവാളിക്ക് അർഹമായ ശിക്ഷ നൽകണമെന്ന ആവശ്യം ശക്തമാണ്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന ഈ പ്രതിഷേധം കുറ്റവാളികൾക്കെതിരെയുള്ള ശക്തമായ താക്കീത് കൂടിയാണ്.

Photo and News Source: Mathrubhumi