ലൈഫ് ഭവന പദ്ധതിയുടെ ആനുകൂല്യം അനുവദിക്കുന്നതിന് ഗുണഭോക്താവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (VEO) വിജിലൻസ് പിടിയിലായി. കാരോട് പഞ്ചായത്തിലെ എ സർക്കിൾ വി.ഇ.ഒ ആയ കൊല്ലം അയത്തിൽ സ്വദേശി സന്ദീപ് ടി.എസ്. (49) ആണ് അറസ്റ്റിലായത്. മൂന്നാം ഗഡുവായ രണ്ട് ലക്ഷം രൂപ അനുവദിക്കുന്നതിനായി ഇയാൾ 2,500 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.

പരാതിക്കാരന് ലഭിക്കേണ്ട ആദ്യ ഗഡുവായ 40,000 രൂപ അനുവദിച്ചപ്പോൾ 500 രൂപയും, രണ്ടാം ഗഡുവായ ഒരു ലക്ഷം രൂപ ലഭിച്ചപ്പോൾ 1,000 രൂപയും സന്ദീപ് കൈക്കൂലിയായി വാങ്ങിയിരുന്നു. മൂന്നാം ഗഡുവിന് വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഗുണഭോക്താവ് വിജിലൻസിനെ സമീപിച്ചത്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം, തിങ്കളാഴ്ച വൈകിട്ട് വിജിലൻസ് നൽകിയ അടയാളപ്പെടുത്തിയ നോട്ടുകൾ കൈപ്പറ്റുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു.

സന്ദീപിന്റെ കൈപ്പത്തി സോഡിയം കാർബണേറ്റ് ലായനിയിൽ മുക്കിയപ്പോൾ നിറം മാറിയതോടെ കൈക്കൂലി വാങ്ങിയതായി സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ നേരത്തെയും സമാനമായ കേസുകൾ നിലവിലുണ്ട്. 2016-17 കാലഘട്ടത്തിൽ കൊല്ലത്ത് ജോലി ചെയ്യവേ കൈക്കൂലി കേസിൽ പിടിയിലായ സന്ദീപ്, സസ്പെൻഷൻ കാലാവധിക്ക് ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചതായിരുന്നു. നിലവിൽ കൊല്ലം വിജിലൻസ് കോടതിയിൽ ആ കേസ് നടന്നുവരികയാണ്.

കാരോട് പഞ്ചായത്തിൽ ജോലി ചെയ്യുന്ന കാലയളവിൽ സന്ദീപ് വ്യാപകമായി കൈക്കൂലി വാങ്ങിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പണം നൽകാൻ വിസമ്മതിക്കുന്ന ഗുണഭോക്താക്കളുടെ ഫയലുകൾ ഇയാൾ മനഃപൂർവം തടഞ്ഞുവെക്കാറുണ്ടെന്നും പരാതിയുണ്ട്. വിജിലൻസ് ഡിവൈ.എസ്.പി ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

Photo and News Source: Mathrubhumi