മലയാള സിനിമയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ഈ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം എങ്ങനെ സംഭവിക്കുമെന്നതിനെക്കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് മനസ്സ് തുറക്കുന്നു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ കഥാതന്തുവിനെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്.
ദൃശ്യം 2-ന്റെ വിജയത്തിന് ശേഷം മൂന്നാം ഭാഗത്തെക്കുറിച്ച് മോഹൻലാൽ ചോദിച്ചപ്പോൾ, തന്റെ പക്കൽ ഒരു ക്ലൈമാക്സ് ഐഡിയ ഉണ്ടായിരുന്നുവെന്ന് ജീത്തു പറയുന്നു. ആ ക്ലൈമാക്സ് മോഹൻലാലിന് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ, ആ ക്ലൈമാക്സിലേക്ക് എത്തിച്ചേരുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. കഥാപാത്രങ്ങളുടെ തുടർച്ചയും കുടുംബത്തിന്റെ സ്വാഭാവികമായ ജീവിതവും നിലനിർത്തുക എന്നതായിരുന്നു ഇതിലെ പ്രധാന കടമ്പ.
ജോർജുകുട്ടി എന്ന കഥാപാത്രം കേസ് അവസാനിച്ചുവെന്ന് വിശ്വസിക്കുന്നില്ല എന്നതാണ് മൂന്നാം ഭാഗത്തിന്റെ കാതൽ. പുറമെ കുടുംബം സുരക്ഷിതരാണെന്ന് തോന്നിയാലും, ജോർജുകുട്ടിയുടെ ഉള്ളിൽ എപ്പോഴും ഒരു ഭയവും അരക്ഷിതബോധവും നിലനിൽക്കുന്നുണ്ട്. ഈ ഭയമാണ് മൂന്നാം ഭാഗത്തിന്റെ നട്ടെല്ല്. കുടുംബത്തോട് തന്റെ ആശങ്കകൾ പങ്കുവെക്കാൻ കഴിയാത്ത ജോർജുകുട്ടിയുടെ മാനസികാവസ്ഥയാണ് സിനിമയിൽ കൂടുതൽ ഊന്നൽ നൽകുന്നത്.
ഏറ്റവും ശ്രദ്ധേയമായ കാര്യം, ദൃശ്യം 3-ന്റെ ആശയത്തിന് തുടക്കമിട്ടത് പ്രശസ്ത ഗായിക കെ.എസ്. ചിത്രയാണെന്നതാണ്. ഒരു പ്രൊമോഷൻ പരിപാടിക്കിടയിൽ ചിത്ര ചോദിച്ച ഒരു ചോദ്യമാണ് ഈ സിനിമയുടെ അടിസ്ഥാനമായി മാറിയതെന്ന് ജീത്തു ജോസഫ് വെളിപ്പെടുത്തി. "ജോർജുകുട്ടി അങ്ങനെ ചെയ്യുമോ?" എന്നായിരുന്നു ചിത്രയുടെ ചോദ്യം. ആ ചോദ്യം തന്നിൽ വലിയൊരു ആശയം നൽകിയെന്നും, ചിത്രയ്ക്ക് നന്ദി അറിയിക്കുന്ന ഒരു കാർഡ് സിനിമയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Photo and News Source: Asianet News









