ഇറാനെതിരായ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇറാഖിന്റെ പടിഞ്ഞാറന്‍ മരുഭൂമിയില്‍ ഇസ്രയേല്‍ അതീവ രഹസ്യമായി ഒരു സൈനിക താവളം നിര്‍മിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്‍ബാര്‍ പ്രവിശ്യയിലെ ജനവാസമില്ലാത്ത പ്രദേശത്താണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇറാനിലേക്കുള്ള വ്യോമപാതയില്‍ തന്ത്രപ്രധാനമായ സ്ഥാനത്തുള്ള ഈ താവളം, ലോജിസ്റ്റിക് ഹബ്ബായും പ്രത്യേക സേനയുടെ താവളമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

യുദ്ധത്തിന് തൊട്ടുമുമ്പ് അമേരിക്കയുടെ അറിവോടെയാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. വെടിയേറ്റ് വീഴുന്ന സഖ്യകക്ഷി പൈലറ്റുമാരെ അതിവേഗം രക്ഷപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്റെ അഭിപ്രായത്തില്‍, ഇസ്രായേലില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരെ അയക്കുന്നതിന് പകരം ഇറാഖിനുള്ളില്‍ തന്നെ താവളം ഒരുക്കിയത് വിലപ്പെട്ട മിനിറ്റുകള്‍ ലാഭിക്കാന്‍ സഹായിച്ചു. ശത്രുരാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഇസ്രായേലിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സ് യൂണിറ്റുകളും ഇവിടെ വിന്യസിക്കപ്പെട്ടിരുന്നു.

ആഴ്ചകളോളം രഹസ്യമായി തുടര്‍ന്ന ഈ താവളം, മാര്‍ച്ച് മാസത്തില്‍ ഒരു ആട്ടിടയന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുറംലോകമറിഞ്ഞത്. മരുഭൂമിയില്‍ ആടുകളെ മേയ്ക്കുകയായിരുന്ന ഇടയന്‍ താഴ്ന്നു പറക്കുന്ന ഹെലികോപ്റ്ററുകളെയും സൈനിക നീക്കങ്ങളെയും കണ്ടതോടെയാണ് രഹസ്യം ചോര്‍ന്നത്. തുടര്‍ന്ന് ഇറാഖി സൈനികര്‍ സ്ഥലത്തെത്തുകയും ഇസ്രായേലി സേനയുമായി ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു.

ഈ സംഭവം വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിവെച്ചത്. തങ്ങളുടെ പരമാധികാരം ലംഘിച്ചെന്ന് ആരോപിച്ച് ഇറാഖ് ഐക്യരാഷ്ട്ര സഭയില്‍ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ പരാതി ഉന്നയിച്ചു. താവളത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് വാഷിംഗ്ടണിന് അറിവുണ്ടായിരുന്നെങ്കിലും, ഇതിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇസ്രായേലിനായിരുന്നു എന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കി.

Photo and News Source: Newsthen