അമേരിക്കയിലെ ഡഗ്ലസ്വില്ലെയിലുള്ള അലക്‌സാണ്ടർ ഹൈസ്‌കൂളിലെ ബയോളജി അധ്യാപികയായ മാരിസ് നിക്കോൾസിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിൽ വെച്ചും വാഹനത്തിൽ വെച്ചും വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണത്തെ തുടർന്നാണ് നടപടി. മേൽനോട്ട ചുമതലയുള്ള വ്യക്തി എന്ന പദവി ദുരുപയോഗം ചെയ്ത് ലൈംഗിക അതിക്രമം നടത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഏപ്രിൽ, മെയ് മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ സ്‌കൂൾ വെബ്സൈറ്റിൽ നിന്നും അധ്യാപികയുടെ വിവരങ്ങൾ നീക്കം ചെയ്തു. സംഭവത്തിൽ ഡഗ്ലസ് കൗണ്ടി സ്‌കൂൾ അധികൃതർ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. നിയമപാലകരുമായി സഹകരിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും സ്‌കൂൾ അധികൃതർ അറിയിച്ചു.

2023 ഏപ്രിലിൽ അലക്‌സാണ്ടർ ഹൈസ്‌കൂളിൽ ഫുട്‌ബോൾ ഓപ്പറേഷൻസ് മാനേജർ ആയാണ് മാരിസ് നിക്കോൾസ് ജോലിയിൽ പ്രവേശിച്ചത്. ഒരു മാസത്തിനുശേഷം ബയോളജി അധ്യാപികയായി നിയമിക്കപ്പെടുകയായിരുന്നു. ഒരേസമയം ഈ രണ്ട് ചുമതലകളും ഇവർ വഹിച്ചിരുന്നു. ലിബർട്ടി യൂണിവേഴ്‌സിറ്റിയിൽ നിന്ന് അധ്യാപനത്തിൽ സ്‌പെഷ്യലൈസേഷനോടെ ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടിയിട്ടുള്ള വ്യക്തിയാണ് ഇവർ.

വെള്ളിയാഴ്ച വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരാക്കിയ നിക്കോൾസിനെ നിലവിൽ ഡഗ്ലസ് കൗണ്ടി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Photo and News Source: Siraj Live