പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ (SIR) തിരഞ്ഞെടുപ്പ് ഫലത്തെ ദോഷകരമായി ബാധിച്ചെന്ന് തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ ഒഴിവാക്കിയത് പല മണ്ഡലങ്ങളിലെയും വിജയപരാജയങ്ങളെ സ്വാധീനിച്ചതായി ടിഎംസി എംപിയും മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജി കോടതിയെ ബോധിപ്പിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ 31 മണ്ഡലങ്ങളിൽ വിജയിച്ച സ്ഥാനാർഥികളുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മണ്ഡലത്തിൽ ടിഎംസി സ്ഥാനാർഥി 862 വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോൾ, അവിടെ അയ്യായിരത്തിലേറെ പേരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് ഇതിന് ഉദാഹരണമായി അദ്ദേഹം നിരത്തി.
ബിജെപിയും ടിഎംസിയും തമ്മിലുള്ള വോട്ട് വ്യത്യാസം 32 ലക്ഷമാണെന്നും, എന്നാൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെതിരെ 35 ലക്ഷം അപ്പീലുകൾ ലഭിച്ചിട്ടുണ്ടെന്നും കല്യാൺ ബാനർജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത്തരം അപ്പീലുകളിൽ തീർപ്പ് കൽപ്പിക്കാൻ വർഷങ്ങൾ എടുക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷം, പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരുടെ എണ്ണത്തേക്കാൾ കുറവാണെങ്കിൽ, അത്തരം കേസുകളിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ കോടതി മമതാ ബാനർജി ഉൾപ്പെടെയുള്ള ഹർജിക്കാർക്ക് അനുമതി നൽകി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടപ്പിലാക്കിയ എസ്‌ഐആർ നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിലാണ് കോടതിയുടെ ഈ നിർദ്ദേശം.
Photo and News Source: Mathrubhumi









