ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഇനി വാഹനങ്ങൾ നിർത്തി കാത്തുനിൽക്കേണ്ടി വരില്ല. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ സ്വപ്ന പദ്ധതിയായ ‘മൾട്ടി ലൈൻ ഫ്രീ ഫ്ലോ’ (MLFF) സംവിധാനം രാജ്യത്തുടനീളം നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം ടോൾ പ്ലാസകളിലെ ബാരിയറുകൾ പൂർണ്ണമായും ഒഴിവാക്കും.

മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്ന് പോലും കൃത്യമായി ടോൾ ഈടാക്കാൻ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. മെയ് 1 മുതൽ എൻ.എച്ച് 48-ലെ (NH 48) സൂറത്ത്-ബറൂച്ച് സെക്ഷനിലെ ചോർയാസി ടോൾ പ്ലാസയിൽ നടത്തിയ പരീക്ഷണം വൻ വിജയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഈ സംവിധാനം നടപ്പിലാക്കുന്നതോടെ യാത്രാ സമയം ഗണ്യമായി കുറയുമെന്നും, ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഒഴിവാകുന്നതിലൂടെ കാർബൺ ബഹിർഗമനം കുറയ്ക്കാൻ സാധിക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. ദില്ലി, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ നൂറിലധികം ടോൾ പ്ലാസകളിൽ ഉടൻ തന്നെ ഈ സംവിധാനം നിലവിൽ വരും.

ഫാസ്റ്റാഗിൽ ബാലൻസ് ഇല്ലാത്ത വാഹനങ്ങളെ എഐ ക്യാമറകൾ വഴി കൃത്യമായി തിരിച്ചറിയാനും, ഉടമകൾക്ക് ഇ-നോട്ടീസ് അയക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. ടോൾ പ്ലാസകളിലെ നീണ്ട ക്യൂ ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Photo and News Source: Media Mangalam