കഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ ടയറുകൾക്ക് തീപിടിച്ചു. ഇസ്താംബുളിൽ നിന്ന് 278 യാത്രക്കാരുമായും 11 ജീവനക്കാരുമായും എത്തിയ വിമാനത്തിന്റെ വലതുവശത്തെ ടയറുകൾക്കാണ് റൺവേയിൽ തൊട്ടയുടൻ തീപിടിച്ചത്. വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ നിന്ന് വലിയ തോതിൽ പുകയും തീയും ഉയരുന്നത് കണ്ടതോടെ വിമാനത്താവളത്തിൽ വലിയ പരിഭ്രാന്തി പരന്നു.

വിമാനത്തിലെ അടിയന്തര വാതിലുകൾ വഴി യാത്രക്കാരെ അതിവേഗം പുറത്തെത്തിക്കാൻ അധികൃതർക്ക് സാധിച്ചു. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള യാത്രക്കാരെയും ക്രൂ അംഗങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും സുരക്ഷാ ചുമതലയുള്ള എസ്പി രാജ്കുമാർ സിലാവൽ സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വിമാനത്തിന്റെ ചക്രങ്ങൾക്കിടയിൽ നിന്ന് കനത്ത പുക ഉയരുന്നത് വ്യക്തമാണ്.

വിമാനത്താവളത്തിലെ ഫയർഫോഴ്സ് യൂണിറ്റുകൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വിമാനത്താവള അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ 2015-ലും ടർക്കിഷ് എയർലൈൻസിന്റെ വിമാനം ഇതേ വിമാനത്താവളത്തിൽ സമാനമായ അപകടത്തിൽപ്പെട്ടിരുന്നു. അന്ന് റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയതിനെത്തുടർന്ന് നാല് ദിവസത്തോളം വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. നിലവിലെ അപകടത്തെക്കുറിച്ച് വിമാനക്കമ്പനി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Photo and News Source: Sathyam Online