ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ മങ്ങിക്കൊണ്ടിരിക്കുന്ന ഡൽഹി ക്യാപിറ്റൽസിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിന് മുന്നോടിയായി ടീം കോമ്പിനേഷനിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മലയാളി താരം കരുൺ നായരെ ഉൾപ്പെടുത്തിയതിനെതിരെ ശ്രീകാന്ത് ആഞ്ഞടിച്ചത്.
കരുൺ നായരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുന്നത് ഡൽഹിയെ ടി20യിൽ നിന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൊണ്ടുപോകുന്നതിന് തുല്യമാണെന്ന് ശ്രീകാന്ത് പരിഹസിച്ചു. കരുണിനെ കളിപ്പിച്ചുകൊണ്ട് ഡൽഹി ടെസ്റ്റ് താരങ്ങളെയാണ് വളർത്തുന്നത്. ടീം കോമ്പിനേഷൻ ശരിയാകണമെങ്കിൽ ആദ്യം കരുൺ നായരെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം തുറന്നടിച്ചു. ഈ സീസണിൽ കളിച്ച രണ്ട് ഇന്നിംഗ്സുകളിൽ നിന്ന് വെറും 18 റൺസ് മാത്രമാണ് കരുണിന് നേടാനായത്. 100 എന്ന വളരെ കുറഞ്ഞ സ്ട്രൈക്ക് റേറ്റിലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിംഗ്.
പഞ്ചാബ് കിങ്സിനെതിരെയും ശ്രീകാന്ത് വിമർശനങ്ങൾ ഉന്നയിച്ചു. സ്പിന്നർ ഹർപ്രീത് ബ്രാറിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിലുള്ള അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചു. കൂടാതെ, പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ മോശം ഫോമും ടീമിന് തിരിച്ചടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധരംശാലയിൽ നടക്കുന്ന ഇന്നത്തെ മത്സരം ഡൽഹിക്ക് ജീവൻമരണ പോരാട്ടമാണ്. പരാജയപ്പെട്ടാൽ പ്ലേ ഓഫ് പ്രതീക്ഷകൾ ഡൽഹിക്ക് പൂർണ്ണമായും അസ്തമിക്കും.
Photo and News Source: Asianet News








