പ്രതിസന്ധികളെ അതിജീവിച്ച് നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ് ദുബൈ എയർപോർട്ട്സ്. ലോകത്തിലെ ഏറ്റവും മികച്ച ജോലിസ്ഥലങ്ങൾക്കുള്ള 2026-ലെ 'ഗാലപ്പ് എക്സെപ്ഷണൽ വർക്ക്‌പ്ലേസ് അവാർഡ്' (Gallup Exceptional Workplace Award) സ്വന്തമാക്കിയാണ് ദുബൈ എയർപോർട്ട്സ് ചരിത്രം കുറിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ലോകത്തിലെ ഏക വിമാനത്താവള ഓപ്പറേറ്റർ എന്ന നേട്ടവും ഇവർ സ്വന്തമാക്കി. തുടർച്ചയായ രണ്ടാം വർഷമാണ് ഈ രാജ്യാന്തര അംഗീകാരം ദുബൈയെ തേടിയെത്തുന്നത്.

മേഖലയിലെ സംഘർഷങ്ങളും വ്യോമാതിർത്തിയിലെ തടസ്സങ്ങളും ഉൾപ്പെടെയുള്ള കടുത്ത വെല്ലുവിളികൾക്കിടയിലും മികച്ച പ്രവർത്തനമാണ് ദുബൈ എയർപോർട്ട്സ് കാഴ്ചവെച്ചത്. ഫെബ്രുവരി മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിൽ ഡിഎക്സ്ബി (DXB), ഡിഡബ്ല്യുസി (DWC) വിമാനത്താവളങ്ങളിലായി ആറ് ദശലക്ഷത്തോളം യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം നൽകാൻ അധികൃതർക്ക് സാധിച്ചു. 200 രാജ്യങ്ങളിലെ സ്ഥാപനങ്ങളെ വിലയിരുത്തിയാണ് ഗാലപ്പ് ഈ പട്ടിക തയ്യാറാക്കിയത്.

ജീവനക്കാരുടെ തൊഴിൽ സംതൃപ്തിയിലും ഇടപെടലിലും 74 ശതമാനം എന്ന മികച്ച സ്കോറാണ് ദുബൈ എയർപോർട്ട്സ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇത് 71 ശതമാനമായിരുന്നു. ജീവനക്കാരുടെ ഉന്നമനത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ വിമാനത്താവളത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തെയും യാത്രാനുഭവത്തെയും നേരിട്ട് സ്വാധീനിക്കുന്നുണ്ടെന്ന് ചീഫ് പീപ്പിൾ ഓഫീസർ മെഷാരി അൽ ബന്നായ് വ്യക്തമാക്കി. ഭാവിയിൽ ജീവനക്കാരുടെ പരിശീലനത്തിനായി കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാനും വിമാനത്താവളം തീരുമാനിച്ചിട്ടുണ്ട്.

സ്വദേശി പ്രതിഭകളെ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി 'ഫ്യൂച്ചർ ഫേസസ്', 'റൈസിംഗ് സ്റ്റാർസ്' തുടങ്ങിയ പദ്ധതികൾ ദുബൈ എയർപോർട്ട്സ് വിജയകരമായി നടപ്പിലാക്കുന്നുണ്ട്. 2024 ഏപ്രിലിലുണ്ടായ അപ്രതീക്ഷിത പ്രളയത്തെയും തുടർന്നുണ്ടായ തടസ്സങ്ങളെയും വെറും ഒരാഴ്ചയ്ക്കുള്ളിൽ മറികടന്നത് ദുബൈയുടെ ഇച്ഛാശക്തിയുടെ തെളിവാണ്. ഉത്തരവാദിത്തവും നൂതന ആശയങ്ങളും കൈകോർക്കുന്ന ഒരു തൊഴിൽ സംസ്കാരം കെട്ടിപ്പടുക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Photo and News Source: Suprabhaatham