ഉത്തർപ്രദേശിലെ ഷാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിച്ചിയയിൽ നടന്ന വിവാഹവിരുന്നിനിടെയുണ്ടായ ദാരുണമായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. വരന്റെ സുഹൃത്തായ സുമിത് കുമാർ (26) ആണ് മരിച്ചത്. ശുചീകരണ തൊഴിലാളിയായ സമീർ കുമാറിന്റെ വിവാഹച്ചടങ്ങിനിടെയാണ് അപ്രതീക്ഷിതമായ അക്രമസംഭവങ്ങൾ അരങ്ങേറിയത്.

വിവാഹവേദിയിൽ അതിഥികൾ നൃത്തം ചെയ്യുന്നതിനിടെ തുടങ്ങിയ ചെറിയ തർക്കങ്ങൾ പിന്നീട് ഭക്ഷണശാലയിലേക്ക് വ്യാപിക്കുകയായിരുന്നു. ഭക്ഷണം വിളമ്പുന്നതിനിടെയുണ്ടായ ഉന്തും തള്ളിലും ഒരാളുടെ വസ്ത്രത്തിൽ ചിക്കൻ കറി വീണതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇത് വലിയ വാക്കേറ്റത്തിലേക്കും തുടർന്ന് സംഘർഷത്തിലേക്കും വഴിമാറി.

വരന്റെ വീട്ടുകാരും നാട്ടുകാരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ വടികളും ബെൽറ്റുകളും ഇഷ്ടികകളും ആയുധങ്ങളായി ഉപയോഗിച്ചു. ഗുരുതരമായി പരുക്കേറ്റ സുമിത് കുമാറിനെ ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മറ്റ് ആറ് പേർക്ക് കൂടി പരുക്കേൽക്കുകയും അവർ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ചെയ്തു.

സംഭവത്തിൽ ഏഴ് പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും അതിന്റെ ആധികാരികത പൊലീസ് പരിശോധിച്ചു വരികയാണ്. എസ്.പി നിമിഷ് ദശരഥ് പാട്ടീൽ ആണ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചത്.

Photo and News Source: Suprabhaatham