ഇന്ത്യന്‍ വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മഹാരാഷ്ട്രയില്‍ പുതിയ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നു. ഛത്രപതി സംഭാജി നഗറിന് സമീപമുള്ള ബിഡ്കിന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഈ അത്യാധുനിക പ്ലാന്റ് ഒരുങ്ങുന്നത്. 2029-ന്റെ ആദ്യ പകുതിയോടെ ഇവിടെ ഉല്‍പ്പാദനം ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.
എസ്‌യുവികള്‍ക്കും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്കും വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കണക്കിലെടുത്താണ് ടൊയോട്ട ഈ വന്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നത്. ആഭ്യന്തര വിപണിക്ക് പുറമെ വിദേശ രാജ്യങ്ങളിലേക്കുള്ള പ്രധാന കയറ്റുമതി ഹബ് ആയും ഈ പ്ലാന്റ് പ്രവര്‍ത്തിക്കും. പ്രതിവര്‍ഷം ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഈ പ്ലാന്റ് വഴി ഏകദേശം 2,800 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പുതിയ പ്ലാന്റില്‍ ടൊയോട്ടയുടെ ഐതിഹാസികമായ ലാന്‍ഡ് ക്രൂയിസര്‍ നിരയിലെ ഏറ്റവും പുതിയ മോഡലായ 'ലാന്‍ഡ് ക്രൂയിസര്‍ FJ' നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും തായ്ലന്‍ഡുമായിരിക്കും ഈ വാഹനത്തിന്റെ ആഗോള നിര്‍മ്മാണ കേന്ദ്രങ്ങള്‍. ഓഫ്-റോഡ് യാത്രകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ വാഹനം കോംപാക്ട് ഡിസൈനിലും ആധുനിക ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളിലുമായിരിക്കും വിപണിയിലെത്തുക.
ഫോര്‍ച്യൂണര്‍, ഹൈലക്‌സ് തുടങ്ങിയ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഐഎംവി (IMV) ലാഡര്‍-ഫ്രെയിം പ്ലാറ്റ്ഫോമിലായിരിക്കും ലാന്‍ഡ് ക്രൂയിസര്‍ FJ ഒരുങ്ങുക. ഏകദേശം 4.57 മീറ്റര്‍ നീളമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന് മികച്ച ഓഫ്-റോഡ് ശേഷി ഉണ്ടായിരിക്കും. ഇന്ത്യയില്‍ ഡീസല്‍ എഞ്ചിനുകള്‍ ഒഴിവാക്കി 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും ഹൈബ്രിഡ് പവര്‍ട്രെയിനുകളിലും വാഹനം ലഭ്യമാകാനാണ് സാധ്യത. വരാനിരിക്കുന്ന കര്‍ശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ടൊയോട്ടയുടെ ഈ നീക്കം.
Photo and News Source: DriveSpark








