മലയാളികളുടെ പ്രിയപ്പെട്ട നടി അമലാപോളിന്റെ മകൻ ഇലൈയുടെ കുസൃതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. മാതൃദിനത്തോടനുബന്ധിച്ച് ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച 'താരാട്ടഴക്' എന്ന പരിപാടിയിൽ അതിഥികളായി എത്തിയതായിരുന്നു അമലാപോളും ഭർത്താവ് ജഗത് ദേശായിയും. ഇവരോടൊപ്പം മകൻ ഇലൈയും ഉണ്ടായിരുന്നു.
പരിപാടിക്കിടെ വേദിയിൽ ഓടിനടന്ന് ഇലൈ കാണിച്ച വികൃതികൾ ആരാധകർ ഏറെ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. കുട്ടിയെ സമാധാനിപ്പിച്ച് നിർത്താൻ മാതാപിതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും, അതൊന്നും വകവെക്കാതെ അവൻ തന്റെ ലോകത്തായിരുന്നു. വേദി അലങ്കരിച്ചിരുന്ന പൂക്കൾ ഓരോന്നായി എടുത്ത് അവിടെയുണ്ടായിരുന്നവർക്ക് നൽകുന്ന ഇലൈയുടെ വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
സെൽഫി എടുക്കാൻ ജഗത് ദേശായി മകനെ എടുത്തുകൊണ്ട് വന്നെങ്കിലും, താഴെ ഇറക്കിയ ഉടൻ തന്നെ അവൻ ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം. പഞ്ചാബി സ്റ്റൈലിലുള്ള വേഷമണിഞ്ഞാണ് അമലാപോളും കുടുംബവും പരിപാടിയിൽ പങ്കെടുത്തത്. താരകുടുംബത്തിന്റെ ഈ വേഷവിധാനത്തെയും ആരാധകർ അഭിനന്ദിക്കുന്നുണ്ട്. എന്തായാലും കൊച്ചുമിടുക്കന്റെ ഈ കുസൃതികൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
Photo and News Source: Kerala Kaumudi









