സംസ്ഥാനത്ത് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിയാത്തത് അവരുടെ സംഘടനാപരമായ ദൗർബല്യത്തിന്റെ പ്രതിഫലനമാണെന്ന് സിപിഐ നേതാവ് ആനി രാജ വിമർശിച്ചു. ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തത് ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണെന്നും, ഇത് സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അവർ വ്യക്തമാക്കി.
കോൺഗ്രസിനുള്ളിലെ ചർച്ചകൾ മുഴുവൻ പുരുഷന്മാരെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. രാഷ്ട്രീയ പ്രവർത്തനം നടത്തി പരിചയസമ്പന്നരായ സ്ത്രീകൾ പാർട്ടിയിൽ ഉണ്ടായിട്ടും എന്തുകൊണ്ട് അവരെ പരിഗണിക്കുന്നില്ല എന്ന് ആനി രാജ ചോദിച്ചു. രാഹുൽ ഗാന്ധി നേരത്തെ വനിതാ മുഖ്യമന്ത്രി എന്ന ആശയം മുന്നോട്ടുവെച്ചിരുന്നുവെന്നും, എന്നാൽ പാർട്ടിക്കകത്ത് വിജയിച്ചു വന്ന സ്ത്രീകളെ അവഗണിക്കുന്നത് ആ ആശയത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവർ പറഞ്ഞു. ഇടതുപക്ഷ പാർട്ടികളും ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അവർ കൂട്ടിച്ചേർത്തു.
ഇതോടൊപ്പം കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെയും ആനി രാജ രൂക്ഷവിമർശനം ഉന്നയിച്ചു. കേന്ദ്രത്തിന്റെ വി ബി ജി റാം ജി ബിൽ പഞ്ചായത്തുകളുടെ സംവിധാനങ്ങളെ ദുർബലപ്പെടുത്തുമെന്നും തൊഴിലവസരങ്ങളെയും വികസന പദ്ധതികളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 28-ന് ഡൽഹിയിൽ മാർച്ച് നടത്തുമെന്നും ആനി രാജ അറിയിച്ചു.
Photo and News Source: Kairali News









