കർണാടകയിലെ കൃഷ്ണഗിരിയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. പട്ടാമ്പി കരിമ്പുള്ളി തെക്കേതിൽ വീട്ടിൽ വിനീതിന്റെ ഭാര്യ ദിവ്യ (30), ദിവ്യയുടെ സഹോദരൻ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപു (28) എന്നിവരാണ് മരിച്ചത്. ബംഗളൂരുവിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
യാത്രയ്ക്കിടെ കാറിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ വാഹനം നിർത്തി ടയർ മാറ്റാൻ ശ്രമിക്കുകയായിരുന്നു ഇവർ. ഈ സമയം അമിതവേഗതയിൽ എത്തിയ ലോറി ഇവർക്ക് നേരെ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ദിവ്യയുടെ ഭർത്താവ് വിനീതിന് ഗുരുതരമായി പരിക്കേറ്റു.
വാഹനത്തിൽ കുട്ടികളും ബന്ധുക്കളും ഉൾപ്പെടെ എട്ടുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ വിനീതിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സ നൽകുകയും ചെയ്തുവരുന്നു. സഹോദരങ്ങളുടെ അപ്രതീക്ഷിത വിയോഗം പട്ടാമ്പിയിലെയും പനമണ്ണയിലെയും നാട്ടുകാരെയും ബന്ധുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Photo and News Source: Sathyam Online









