ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ മാതാവും നടിയുമായ നീലിമ അസീം തന്റെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ നേരിടുന്ന അനാവശ്യ വിമർശനങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുന്നു. സൂമിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ മൂന്ന് വിവാഹങ്ങളെക്കുറിച്ചും അതിനെത്തുടർന്നുണ്ടായ വ്യാജ പ്രചാരണങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്.
പങ്കജ് കപൂർ, രാജേഷ് ഖട്ടർ, ഉസ്താദ് റാസ അലി ഖാൻ എന്നിവരായിരുന്നു നീലിമയുടെ ഭർത്താക്കന്മാർ. ഷാഹിദ് കപൂർ പങ്കജ് കപൂറിലുമുള്ള മകനും, ഇഷാൻ ഖട്ടർ രാജേഷ് ഖട്ടറിലുമുള്ള മകനുമാണ്. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അവർ പറയുന്നു. 'മദ്യപിച്ച അവസ്ഥയിലാണോ' എന്ന തരത്തിലുള്ള കമന്റുകൾ തനിക്കെതിരെ വരാറുണ്ട്. എന്നാൽ താൻ മദ്യപിക്കാറില്ലെന്നും, സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും നീലിമ വ്യക്തമാക്കി.
തന്റെ വിവാഹങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, പണമോ ആഡംബരമോ ഒരിക്കലും തന്റെ മുൻഗണനയായിരുന്നില്ലെന്ന് അവർ അടിവരയിട്ടു പറയുന്നു. കഴിവുള്ളവരും നല്ലവരുമായ മനുഷ്യരെയാണ് താൻ വിവാഹം കഴിച്ചത്. ഒരു നടിയെന്ന നിലയിൽ 27 പുരസ്‌കാരങ്ങൾ നേടിയിട്ടും താൻ ഒരിക്കലും അതിനെക്കുറിച്ച് വീമ്പിളക്കിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. സ്വന്തം ഭാഗം വ്യക്തമാക്കാതിരുന്നാൽ ലോകം തന്നെ തെറ്റായി ചിത്രീകരിക്കുമെന്ന തിരിച്ചറിവിലാണ് ഇപ്പോൾ സംസാരിക്കുന്നതെന്ന് നീലിമ പറയുന്നു.
വിവാഹമോചനം തന്റെ ആഗ്രഹമായിരുന്നില്ലെന്നും, എന്നാൽ ചില സാഹചര്യങ്ങളിൽ അത് അനിവാര്യമായിത്തീരുകയായിരുന്നുവെന്നും അവർ വിശദീകരിച്ചു. ഇത്തരം കാര്യങ്ങളിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് എളുപ്പമാണെന്നും, പ്രത്യേകിച്ച് സ്ത്രീകൾ തന്നെ ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് മുൻകൈ എടുക്കുന്നത് സങ്കടകരമാണെന്നും അവർ അഭിപ്രായപ്പെട്ടു. മക്കളായ ഷാഹിദും ഇഷാനുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും, ജീവിതത്തിലെ വീഴ്ചകളെയും നേട്ടങ്ങളെയും ഉൾക്കൊണ്ട് മുന്നോട്ട് പോവുകയാണെന്നും നീലിമ അസീം പറഞ്ഞു.
Photo and News Source: Mathrubhumi










