സിദ്ധാർത്ഥ് ഗുപ്‌തയെ നായകനാക്കി ഹർദ്ദിഖ് ഗജ്ജർ സംവിധാനം ചെയ്‌ത 'കൃഷ്‌ണാവതാരം പാർട്ട് വൺ: ദ ഹാർട്ട്' എന്ന ചിത്രത്തിന് ഉത്തർപ്രദേശ് സർക്കാർ നികുതിയിളവ് പ്രഖ്യാപിച്ചു. ലക്‌നൗവിലെ ലോക്‌ഭവനിൽ നടന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ നിർണ്ണായക തീരുമാനം അറിയിച്ചത്. ഇന്ത്യൻ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് യുവാക്കളിലും കുട്ടികളിലും അവബോധം വളർത്താൻ ഈ ചിത്രം സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചിത്രത്തിന്റെ പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മേയ് ഏഴിന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങിയ ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ഗുപ്‌തയ്‌ക്ക് പുറമെ സംസ്‌കൃതി, സുഷ്‌മിത ഭട്ട്, ജാക്കി ഷ്‌റോഫ്, അശുതോഷ് റാണ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

ലോക്‌ഭവനിൽ നടന്ന പ്രത്യേക പ്രദർശനത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പുറമെ ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് തുടങ്ങിയ പ്രമുഖരും നിരവധി ബിജെപി നേതാക്കളും പങ്കെടുത്തു. പ്രദർശനത്തിനിടെ ലോക്‌ഭവൻ പരിസരം കൃഷ്‌ണനെയും രാധയെയും പ്രകീർത്തിക്കുന്ന മന്ത്രങ്ങളാൽ മുഖരിതമായതായി ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

Photo and News Source: Kerala Kaumudi Latest