ഇസ്താംബൂളിൽ നിന്ന് 278 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് എത്തിയ ടർക്കിഷ് എയർലൈൻ വിമാനം ലാൻഡിംഗിനിടെ വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽ ഇറങ്ങിയ ഉടൻ തന്നെ വലതുവശത്തെ ടയറുകളിൽ തീപിടിക്കുകയായിരുന്നു. വിമാനത്തിൽ നിന്ന് പുകയും തീയും ഉയർന്നതോടെ വിമാനത്താവളത്തിൽ വലിയ പരിഭ്രാന്തിയാണ് ഉണ്ടായത്.

വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള യാത്രക്കാരെയും 11 ജീവനക്കാരെയും അടിയന്തര വാതിലുകൾ വഴി സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് സുരക്ഷാ ചുമതലയുള്ള എസ്പി രാജ്കുമാർ സിലാവൽ സ്ഥിരീകരിച്ചു.

അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ടർക്കിഷ് എയർലൈൻസ് അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2015-ലും സമാനമായ രീതിയിൽ ടർക്കിഷ് എയർലൈൻസിന്റെ വിമാനം ഇതേ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയാണ് ഇത്തവണ വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്.

Photo and News Source: Sathyam Online