ഇസ്താംബൂളിൽ നിന്നും 278 യാത്രക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയ ടർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ ടയറിന് തീപിടിച്ചു. വിമാനം റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് വലതുവശത്തെ ടയറുകളിൽ തീയും പുകയും കണ്ടത്. വിമാനത്തിലുണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ലാൻഡിംഗിനിടെ ടയറുകളിൽ തീ കണ്ടതോടെ വിമാനത്താവളത്തിൽ വലിയ പരിഭ്രാന്തി പരന്നു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവാക്കാൻ സാധിച്ചു. അടിയന്തര വാതിലുകൾ വഴി യാത്രക്കാരെ ഉടൻ തന്നെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥരും വിമാനത്തിൽ ഉണ്ടായിരുന്നവരിൽ ഉൾപ്പെടുന്നു.

അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സുരക്ഷാ ചുമതലയുള്ള എസ്പി രാജ്കുമാർ സിലാവൽ വ്യക്തമാക്കി. 2015-ലും സമാനമായ രീതിയിൽ ഇതേ വിമാനത്താവളത്തിൽ ടർക്കിഷ് എയർലൈൻസ് വിമാനം അപകടത്തിൽപ്പെട്ടിരുന്നു. സംഭവത്തിൽ എയർലൈൻ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Photo and News Source: Kairali News