ഫ്ലോറിഡയിൽ നിന്ന് യാത്ര തിരിച്ച ‘കരീബിയൻ പ്രിൻസസ്’ എന്ന ക്രൂയിസ് കപ്പലിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 112 യാത്രക്കാർക്കും ജീവനക്കാർക്കുമാണ് രോഗം ബാധിച്ചത്. ആകെ 3113 പേരാണ് കപ്പലിൽ യാത്ര ചെയ്തിരുന്നത്. ഏപ്രിൽ 28-ന് ആരംഭിച്ച യാത്രയ്ക്കിടെ കഴിഞ്ഞ ആഴ്ചയോടെയാണ് കപ്പലിൽ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
രോഗം ബാധിച്ചവരിൽ കടുത്ത ഛർദ്ദിയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങളായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് നോറോ വൈറസ് പ്രധാനമായും പകരുന്നത്. അതിവേഗം പടരുന്ന സ്വഭാവമുള്ളതിനാൽ ഇതിനെ “വിന്റർ വോമിറ്റിംഗ് ബഗ്” എന്നും വിളിക്കാറുണ്ട്. കപ്പലിലെ യാത്ര അവസാനിക്കുമ്പോഴേക്കും രോഗം കൂടുതൽ ആളുകളിലേക്ക് പടരുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
നിലവിൽ ലോകമെമ്പാടും ഹാൻ്റാ വൈറസിനെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെയാണ് നോറോ വൈറസ് ഭീഷണിയും ഉയർന്നിരിക്കുന്നത്. എന്നാൽ, ഹാൻ്റാ വൈറസ് കൊവിഡിനെപ്പോലെ അത്ര അപകടകാരിയല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിലെ സാഹചര്യം ആരോഗ്യ അധികൃതർ നിരീക്ഷിച്ചുവരികയാണ്.
Photo and News Source: Kairali News









