വെസ്റ്റ് ബാങ്കിലെ ജെനിന് സമീപമുള്ള അസാസ ഗ്രാമത്തിൽ, അന്തരിച്ച പിതാവിന്റെ മൃതദേഹം പുറത്തെടുക്കാൻ ഇസ്‌റാഈൽ കുടിയേറ്റക്കാർ ഭീഷണിപ്പെടുത്തിയതായി ഫലസ്തീൻ കുടുംബത്തിന്റെ വെളിപ്പെടുത്തൽ. 80 വയസ്സുള്ള ഹുസൈൻ എന്ന വയോധികന്റെ മരണശേഷം, ഇസ്‌റാഈൽ സൈനിക താവളത്തിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിയാണ് കുടുംബം അദ്ദേഹത്തെ ഖബറടക്കിയത്. എന്നാൽ, സംസ്കാരം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ ആയുധധാരികളായ ഒരു സംഘം കുടിയേറ്റക്കാർ ഖബറിടത്തിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.
കൈക്കോട്ടുകളുമായി എത്തിയ കുടിയേറ്റക്കാർ, ഖബർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുക്കാൻ ശ്രമിക്കുകയും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 'ഒന്നുകിൽ നിങ്ങൾ മൃതദേഹം പുറത്തെടുക്കുക, അല്ലെങ്കിൽ ഞങ്ങൾ അത് ചെയ്യും' എന്ന് അവർ ഭീഷണിപ്പെടുത്തിയതായി മകൻ മുഹമ്മദ് അസാസ പറഞ്ഞു. പിതാവിന്റെ മൃതദേഹത്തിന് അനാദരവ് സംഭവിക്കാതിരിക്കാൻ, ഗത്യന്തരമില്ലാതെ കുടുംബത്തിന് മൃതദേഹം പുറത്തെടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വന്നു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഫലസ്തീൻ ഭൂമിയിൽ നടത്തുന്ന ഇത്തരം കുടിയേറ്റങ്ങൾ വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു. സമീപത്തെ കുന്നിൻ മുകളിൽ താമസിക്കുന്ന കുടിയേറ്റക്കാരാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. മരിച്ചവർക്ക് പോലും സമാധാനം നൽകാത്ത ഇസ്‌റാഈൽ കുടിയേറ്റക്കാരുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Photo and News Source: Suprabhaatham










