ജപ്പാനിലെ ടൊക്കായിഡോ ലൈനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ അജ്ഞാത വസ്തു സ്‌പ്രേ ചെയ്തതിനെത്തുടർന്ന് പത്ത് യാത്രക്കാർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. കനഗാവയിലെ ഒഡവാര സ്റ്റേഷനിൽ നിന്ന് ഗുൻമയിലെ തകസാക്കിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
യാത്രക്കാർക്ക് പെട്ടെന്ന് ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് ട്രെയിൻ കവസാക്കി സ്റ്റേഷനിൽ അടിയന്തരമായി നിർത്തിയിട്ടു. വിവരം ലഭിച്ചയുടൻ അധികൃതർ സ്ഥലത്തെത്തി അസ്വസ്ഥത പ്രകടിപ്പിച്ച യാത്രക്കാരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തെത്തുടർന്ന് യോകോഹാമയ്ക്കും ഷിനഗാവ സ്റ്റേഷനുകൾക്കുമിടയിലുള്ള ടോക്കായിഡോ ലൈനിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. സ്‌പ്രേ ചെയ്തത് ഏത് തരത്തിലുള്ള രാസവസ്തുവാണെന്നോ, സംഭവത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അധികൃതർ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Photo and News Source: Kerala Kaumudi Latest










