ഇന്ത്യയുടെ വിദേശനാണ്യ ശേഖരവും ഇന്ധന സുരക്ഷയും ഉറപ്പാക്കാൻ പൗരന്മാർ സ്വയം നിയന്ത്രണം പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. ഭരണപരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ തലയിൽ കെട്ടിവെക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങൾ എന്തൊക്കെ വാങ്ങണം, എവിടെ പോകണം എന്ന് ഉപദേശിക്കുന്നത് സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കാനുള്ള തന്ത്രമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ധന ഇറക്കുമതി കുറയ്ക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്. പെട്രോൾ, ഡീസൽ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക, വിദേശയാത്രകൾ ഒഴിവാക്കുക, കാർപൂളിംഗ് നടപ്പിലാക്കുക, ഭക്ഷ്യ എണ്ണയുടെ ഉപയോഗം പത്തു ശതമാനം കുറയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചിരുന്നത്.
പ്രധാനമന്ത്രിയുടെ ഈ നിർദ്ദേശങ്ങൾ വിവിധ മന്ത്രാലയങ്ങൾ ചർച്ച ചെയ്യുമെന്നും ബോധവൽക്കരണ നടപടികൾ ശക്തമാക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ്. നിലവിൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് കാലത്തെ മാതൃകയിൽ ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം.
ഇന്ധന ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും മെട്രോ സൗകര്യമുള്ള നഗരങ്ങളിൽ പൊതുഗതാഗതം പരമാവധി ഉപയോഗപ്പെടുത്താനും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് പകരം ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഭരണകൂടത്തിന്റെ പരാജയമാണെന്ന നിലപാടിലാണ് പ്രതിപക്ഷം ഉറച്ചുനിൽക്കുന്നത്.
Photo and News Source: Siraj Live










