കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ രംഗത്ത്. ഈ തീരുമാനം ഏകപക്ഷീയമാണെന്നും ഇത് സ്വകാര്യ ബസ് വ്യവസായത്തെ പൂർണ്ണമായും തകർക്കുമെന്നും സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ വ്യക്തമാക്കി. സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ പുനഃപരിശോധന നടത്തണമെന്നും ബസ് ഉടമകളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ കെഎസ്ആര്‍ടിസിയുടെ കണക്കുകൾ പ്രകാരം പ്രതിദിനം 19 ലക്ഷത്തോളം സ്ത്രീകൾ ബസ് സർവീസുകൾ ഉപയോഗിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയിൽ സൗജന്യ യാത്ര നടപ്പിലാക്കിയാൽ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ സ്വകാര്യ ബസുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും, അവയെ അവഗണിച്ചുള്ള തീരുമാനങ്ങൾ പൊതുഗതാഗത സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ 'പുതുയുഗ യാത്ര' വേളയിൽ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നതായും, അന്ന് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നതായും ടി. ഗോപിനാഥൻ ഓർമ്മിപ്പിച്ചു. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും, ഉടമകളുമായി കൂടിയാലോചന നടത്താതെ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Photo and News Source: Sathyam Online









