രാജ്യത്ത് പാചകവാതക സിലിണ്ടറുകൾക്ക് പകരം സ്വകാര്യ പൈപ്പ് ഗ്യാസ് (PNG) കണക്ഷനുകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി, വാർഷിക വരുമാനം 10 ലക്ഷം രൂപയിൽ കൂടുതലുള്ള കുടുംബങ്ങളെ സബ്‌സിഡി പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികൾ പൊതുമേഖലാ എണ്ണ കമ്പനികൾ ആരംഭിച്ചു കഴിഞ്ഞു. ഇതുസംബന്ധിച്ച അറിയിപ്പുകൾ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് അയച്ചുതുടങ്ങിയിട്ടുണ്ട്. വരുമാന വിവരങ്ങളിൽ പിശകുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട എണ്ണ കമ്പനികളെയോ ടോൾ ഫ്രീ നമ്പറിലോ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

പൈപ്പ് ഗ്യാസ് സൗകര്യമുള്ള മേഖലകളിൽ 2026 ജൂൺ മുതൽ സിലിണ്ടറുകൾ ലഭ്യമാകില്ലെന്നും, നിലവിലുള്ള കണക്ഷനുകൾ സറണ്ടർ ചെയ്യണമെന്നുമാണ് നിർദ്ദേശം. ഉപഭോക്താക്കൾക്ക് സിലിണ്ടർ വേണോ പൈപ്പ് ഗ്യാസ് വേണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇതോടെ ഇല്ലാതാകും. 2016-ൽ നിലവിൽ വന്ന വരുമാന പരിധി ഇപ്പോൾ കർശനമാക്കുന്നത് അദാനി ഗ്യാസ് ഉൾപ്പെടെയുള്ള സ്വകാര്യ പൈപ്പ് ഗ്യാസ് വിതരണക്കാരെ സഹായിക്കാനാണെന്ന ആരോപണം ശക്തമാണ്.

നിലവിൽ ഒരു ശരാശരി കുടുംബത്തിന് സിലിണ്ടറിനായി മാസം 920 രൂപയോളമാണ് ചെലവ് വരുന്നത്. എന്നാൽ പൈപ്പ് ഗ്യാസിലേക്ക് മാറുമ്പോൾ ഇത് 1500 മുതൽ 2000 രൂപ വരെയായി വർധിക്കുന്നു. ഉയർന്ന ചെലവ് കാരണം പലരും പൈപ്പ് ഗ്യാസ് ഉപേക്ഷിച്ച് സിലിണ്ടറുകളിലേക്ക് മടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് 'ഒരു വീട്, ഒരു ഗ്യാസ് കണക്ഷൻ' എന്ന പേരിൽ പുതിയ നിയന്ത്രണങ്ങൾ വരുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് പുറമെ വാണിജ്യ ആവശ്യങ്ങൾക്കായി ഗ്യാസ് ഉപയോഗിക്കുന്നവരെയും പൈപ്പ് ഗ്യാസിലേക്ക് മാറ്റാൻ സമ്മർദ്ദമുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് ഹോട്ടലുകളെയും മറ്റ് സ്ഥാപനങ്ങളെയും പൈപ്പ് ഗ്യാസ് പദ്ധതിയോട് അടുപ്പിക്കാനുള്ള അധികൃതരുടെ നീക്കം.

Photo and News Source: Suprabhaatham