പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ആഗോള വിപണിയില്‍ അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയരാന്‍ കാരണമായിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം ഇന്ത്യയിലെ എഫ്എംസിജി (FMCG) മേഖലയെയും സാരമായി ബാധിച്ചു. ഉത്പാദനച്ചെലവ് വര്‍ധിച്ചതോടെ ഉത്പന്നങ്ങളുടെ വില കൂട്ടാനും, പായ്ക്കറ്റുകളുടെ അളവ് കുറയ്ക്കാനും കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

പ്രമുഖ കമ്പനിയായ ഡാബര്‍ ഇന്ത്യ ഇതിനകം തന്നെ തങ്ങളുടെ ഉത്പന്നങ്ങളുടെ വിലയില്‍ നാല് ശതമാനത്തോളം വര്‍ധന വരുത്തിക്കഴിഞ്ഞു. വില്‍പ്പനയെ ബാധിക്കാതിരിക്കാന്‍ ചെറിയ പായ്ക്കറ്റുകളുടെ അളവ് കുറയ്ക്കുന്ന തന്ത്രമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ രണ്ടാംഘട്ട വിലവര്‍ധന അനിവാര്യമാണെന്ന് ഡാബര്‍ ഇന്ത്യ ഗ്ലോബല്‍ സിഇഒ മോഹിത് മല്‍ഹോത്ര വ്യക്തമാക്കി.

ഗോദറേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് സോപ്പുകളുടെ വിലയില്‍ അഞ്ചുശതമാനം വര്‍ധന വരുത്തിയിട്ടുണ്ട്. പാം ഓയില്‍, ക്രൂഡ് ഓയില്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണ് സോപ്പ് നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടിയായത്. മാരിക്കോ തങ്ങളുടെ ഹെയര്‍ ഓയില്‍ ബ്രാന്‍ഡുകളുടെ വിലയില്‍ ആറ് മുതല്‍ ഏഴ് ശതമാനം വരെ വര്‍ധന വരുത്താന്‍ ആലോചിക്കുന്നുണ്ടെങ്കിലും, വെളിച്ചെണ്ണയുടെ വിലയിലുണ്ടായ കുറവ് കമ്പനിക്ക് ചെറിയ ആശ്വാസം നല്‍കുന്നുണ്ട്.

രാജ്യത്തെ ഇന്ധനവിലയുടെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ കനത്ത നഷ്ടം നേരിടുന്നുണ്ടെങ്കിലും, രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് വിലവര്‍ധന തടയുകയാണ്. എങ്കിലും സംഘര്‍ഷം നീണ്ടുനിന്നാല്‍ ഇന്ധനവില കൂട്ടേണ്ടി വരുമെന്നും, അത് ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരാന്‍ കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.

Photo and News Source: Dhanam