ഭക്ഷണം പാഴാകുന്നത് കുറയ്ക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീകബോക്സുമായി (Pikobox) യൂണിയൻ കോപ് (Union Coop) ധാരണയിലെത്തി. ദിവസവും വിൽപനയ്ക്ക് ശേഷം ബാക്കിയാകുന്ന ഗുണമേന്മയുള്ള ഭക്ഷണം കുറഞ്ഞ വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും ഉറപ്പാക്കാൻ സാധിക്കും.

ആദ്യഘട്ടത്തിൽ യൂണിയൻ കോപ്പിന്റെ ബേക്കറി വിഭാഗത്തിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്. പീകബോക്സ് എന്ന പ്ലാറ്റ്‌ഫോം വഴി ഭക്ഷണശാലകൾ, കഫേകൾ, റീട്ടെയിൽ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് മിച്ചം വരുന്ന ഭക്ഷണം കുറഞ്ഞ നിരക്കിൽ വാങ്ങാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും. ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വെറുതെ കളയുന്നതിന് പകരം അവയെ പ്രയോജനപ്പെടുത്താൻ ഈ പങ്കാളിത്തം സഹായിക്കും.

ഈ സംരംഭത്തെക്കുറിച്ച് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി വ്യക്തമാക്കിയത് ഇങ്ങനെയാണ്: “ഭക്ഷണം പാഴാകുന്നത് ഒരു പാരിസ്ഥിതിക പ്രശ്നം മാത്രമല്ല, അതൊരു കാര്യക്ഷമതയുടെ പ്രശ്നം കൂടിയാണ്. ഈ പങ്കാളിത്തത്തിലൂടെ അധികം വരുന്ന ഭക്ഷണത്തെ ഒരു അവസരമാക്കി മാറ്റുകയാണ് ഞങ്ങൾ ചെയ്യുന്നത്. ഉൽപ്പന്നങ്ങൾ എങ്ങനെ കൃത്യമായി മാനേജ് ചെയ്യാം, അതിലൂടെ എങ്ങനെ കൂടുതൽ മൂല്യം സൃഷ്ടിക്കാം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.”

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതികളുമായി ചേർന്ന് പ്രവർത്തിക്കാനും ഈ സംരംഭത്തിലൂടെ യൂണിയൻ കോപ്പിന് സാധിക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ പദ്ധതി വിജയകരമായാൽ കൂടുതൽ വിഭാഗങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഭക്ഷണം കുറഞ്ഞ വിലയിൽ ലഭിക്കുന്നതിനൊപ്പം പാഴ്വസ്തുക്കൾ കുറയ്ക്കുന്നതിനും ഈ പദ്ധതി വലിയൊരു ചുവടുവെപ്പായിരിക്കും.

Photo and News Source: Asianet News