പത്തനാപുരം നിയമസഭാ മണ്ഡലത്തിലെ തന്റെ പരാജയത്തിന് പിന്നിൽ യുഡിഎഫ്-ബിജെപി വോട്ട് കച്ചവടമാണെന്ന മുൻമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി നിയുക്ത എംഎൽഎ ജ്യോതികുമാർ ചാമക്കാല രംഗത്ത്. 2001 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ച ഗണേഷ് കുമാറിനെ ഇത്തവണ അട്ടിമറിച്ചാണ് ചാമക്കാല വിജയിച്ചത്. തോൽവി അംഗീകരിക്കാനാവാതെ ഗണേഷ് കുമാറിന്റെ സമനില തെറ്റിയിരിക്കുകയാണെന്ന് ചാമക്കാല പരിഹസിച്ചു.
വസ്തുതാപരമായ കണക്കുകൾ നിരത്തി സംസാരിക്കാൻ ഗണേഷ് കുമാറിനെ ചാമക്കാല സംവാദത്തിന് ക്ഷണിച്ചു. ബിജെപിയുടെ വോട്ടുകൾ മാത്രമല്ല, എൽഡിഎഫിന്റെ വോട്ടുകളും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്തുവർഷത്തിനിടെ എൽഡിഎഫിന്റെ വോട്ട് വിഹിതത്തിൽ എട്ടു ശതമാനത്തിന്റെ കുറവുണ്ടായെന്നും, യുഡിഎഫിന് 18,000 വോട്ടുകളുടെ വർദ്ധനവുണ്ടായെന്നും ചാമക്കാല ചൂണ്ടിക്കാട്ടി. ബിജെപിയുടെ വോട്ട് കുറഞ്ഞതിനെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഗണേഷ് കുമാർ, എൽഡിഎഫിന്റെ വോട്ട് ചോർച്ചയെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ, ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗണേഷ് കുമാറിന്റെ ആരോപണം. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ ഇത്തവണ വോട്ടുകൾ ഗണ്യമായി കുറഞ്ഞത് വോട്ട് കച്ചവടത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ബിജെപി വിജയിച്ച വാർഡുകളിൽ പോലും എൻഡിഎ സ്ഥാനാർത്ഥിക്ക് രണ്ടക്ക വോട്ട് പോലും ലഭിച്ചില്ലെന്നും, ഇത് എൽഡിഎഫിനെ തോൽപ്പിക്കാൻ നടത്തിയ ആസൂത്രിത നീക്കമാണെന്നും ഗണേഷ് കുമാർ ആരോപിച്ചു. പത്തനാപുരത്ത് മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ വോട്ട് കച്ചവടം നടന്നതായും അദ്ദേഹം അവകാശപ്പെട്ടു.
Photo and News Source: Kerala Kaumudi









