ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ പ്രതികരണം തീർത്തും അസ്വീകാര്യമാണെന്ന് വ്യക്തമാക്കിയ ട്രംപ്, കഴിഞ്ഞ 47 വർഷമായി ഇറാൻ അമേരിക്കയെ കബളിപ്പിക്കുകയാണെന്നും ഇനിയും അത് അനുവദിക്കില്ലെന്നും തുറന്നടിച്ചു. ഇറാന്റെ നീക്കങ്ങൾക്കെതിരെ സ്വീകരിക്കേണ്ട തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ടെലിഫോണിൽ സംസാരിച്ചു. വിഷയത്തിൽ ചർച്ചകൾക്കുള്ള പൂർണ്ണ ഉത്തരവാദിത്തം തനിക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപരോധങ്ങൾ പിൻവലിക്കുക, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കുക തുടങ്ങിയ ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചിരുന്നത്. തങ്ങൾക്കെതിരെ ആക്രമണം ഉണ്ടാകില്ലെന്ന് അമേരിക്ക രേഖാമൂലം ഉറപ്പ് നൽകിയാൽ യുറേനിയം സമ്പുഷ്ടീകരണം താൽക്കാലികമായി നിർത്തിവെക്കാമെന്നും, 30 ദിവസത്തിനുള്ളിൽ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകി ആണവ ചർച്ചകൾ പുനരാരംഭിക്കാമെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ ഉപാധികൾ ഒബാമ ഭരണകാലത്തെപ്പോലെ ഇറാനെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന നിലപാടിലാണ് ട്രംപ് ഉറച്ചുനിൽക്കുന്നത്.
ട്രംപിന്റെ ഈ കടുത്ത നിലപാട് പശ്ചിമേഷ്യയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മേഖലയിൽ യുദ്ധഭീതി ശക്തമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ബാരലിന് 104 ഡോളർ കടന്നാണ് എണ്ണവില മുന്നേറുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ആഗോള സാമ്പത്തിക മേഖലയും വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.
Photo and News Source: Sathyam Online









