ഇന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3'ന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍. സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ താരം നടത്തിയ രസകരമായ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ ജീവിതത്തില്‍ ആദ്യമായി ടിക്കറ്റെടുത്ത് തിയേറ്ററില്‍ പോയി കാണുന്ന സിനിമയായിരിക്കും 'ദൃശ്യം 3' എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിക്കവേ താരം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: "ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണാന്‍ പോകുന്നത്. പണ്ട് ടിക്കറ്റെടുത്ത് സിനിമയ്ക്ക് പോകേണ്ട പ്രായമായപ്പോഴേക്കും ഞാന്‍ സിനിമയില്‍ എത്തിക്കഴിഞ്ഞിരുന്നു. 17-ാം വയസില്‍ അഭിനയരംഗത്തെത്തിയതാണ്." ചിരിച്ചുകൊണ്ട് താരം പറഞ്ഞ ഈ വാക്കുകള്‍ ആരാധകരില്‍ വലിയ കൗതുകമാണ് ഉണര്‍ത്തിയത്. മോഹന്‍ലാലിനൊപ്പം വേദിയിലുണ്ടായിരുന്ന നടി മീനയും തന്റെ സന്തോഷം പങ്കുവെച്ചു. തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു സിനിമയുടെ 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' കാണാന്‍ പോകുന്നത് 'ദൃശ്യം 3' ആയിരിക്കുമെന്നും, അത് സ്വന്തം സിനിമയായതില്‍ വലിയ അഭിമാനമുണ്ടെന്നും മീന വ്യക്തമാക്കി.

രണ്ടാം ഭാഗം പുറത്തിറങ്ങി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോര്‍ജുകുട്ടിയുടെ ജീവിതത്തിലെ പുതിയ അധ്യായവുമായി 'ദൃശ്യം 3' എത്തുന്നത്. ജോര്‍ജുകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കി. മുന്‍ ഭാഗങ്ങളെപ്പോലെ അതീവ ബുദ്ധിപരമായ നീക്കങ്ങളേക്കാള്‍ ഉപരി, ഒരു സസ്പെന്‍സ് ത്രില്ലര്‍ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളായ പനോരമ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ ആഗോള തിയേറ്റര്‍-ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ചൈനീസ്, കൊറിയന്‍ ഭാഷകളിലേക്ക് വരെ റീമേക്ക് ചെയ്യപ്പെട്ട 'ദൃശ്യം' സീരീസിന്റെ മൂന്നാം ഭാഗം ബോക്സ് ഓഫീസില്‍ വലിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Photo and News Source: Sathyam Online