ദേശീയ സാങ്കേതിക ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1998 മെയ് 11-ന് രാജസ്ഥാനിലെ പൊഖ്‌റാനിൽ ഇന്ത്യ വിജയകരമായി നടത്തിയ ആണവ പരീക്ഷണങ്ങളുടെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഈ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ ശാസ്ത്രീയ മികവിന്റെയും അചഞ്ചലമായ പ്രതിബദ്ധതയുടെയും അടയാളമാണ് ആ ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി എക്സിലൂടെ ഓർമ്മിപ്പിച്ചു.
'ദേശീയ സാങ്കേതിക ദിനാശംസകൾ. 1998-ൽ പൊഖ്‌റാനിൽ നടന്ന വിജയകരമായ പരീക്ഷണങ്ങളിലേക്ക് നയിച്ച നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും അർപ്പണബോധവും ഞങ്ങൾ അഭിമാനത്തോടെ സ്മരിക്കുന്നു' എന്ന് അദ്ദേഹം കുറിച്ചു. രാജ്യത്തിന്റെ അഭിമാനത്തിന്റെയും ആത്മാഭിമാനത്തിന്റെയും യഥാർത്ഥ ശില്പികൾ നമ്മുടെ ശാസ്ത്രജ്ഞരാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
സ്വയംപര്യാപ്ത ഭാരതം കെട്ടിപ്പടുക്കുന്നതിൽ സാങ്കേതികവിദ്യ ഒരു പ്രധാന തൂണായി മാറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നത്തെ കാലത്ത് സാങ്കേതികവിദ്യ കണ്ടുപിടുത്തങ്ങളെ ത്വരിതപ്പെടുത്തുകയും, വിവിധ മേഖലകളിൽ രാജ്യത്തിന്റെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്നു. ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും സർക്കാർ വലിയ മുൻഗണനയാണ് നൽകുന്നത്.
1998 മെയ് 11, 13 തീയതികളിലായാണ് രാജസ്ഥാനിലെ പൊഖ്‌റാൻ മരുഭൂമിയിൽ ഇന്ത്യ അഞ്ച് ആണവ പരീക്ഷണങ്ങൾ നടത്തിയത്. മെയ് 11-ന് ഉച്ചകഴിഞ്ഞ് 3.45-ന് ആദ്യത്തെ മൂന്ന് സ്ഫോടനങ്ങൾ ഒരേസമയം നടന്നതോടെ ഇന്ത്യയുടെ അസാമാന്യമായ കഴിവ് ലോകത്തിന് മുന്നിൽ തെളിയിക്കപ്പെട്ടു. ഈ സുപ്രധാന നേട്ടത്തിന്റെ ഓർമ്മ പുതുക്കലാണ് ഓരോ ദേശീയ സാങ്കേതിക ദിനവും.
Photo and News Source: Sathyam Online










