കേരളത്തിൽ വേനൽമഴ ശക്തമാവുകയും വരാനിരിക്കുന്ന മഴക്കാലത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, റോഡിലെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് കർശന നിർദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. മഴക്കാലത്ത് റോഡുകളിൽ അപകടസാധ്യതകൾ പതിന്മടങ്ങ് വർദ്ധിക്കുന്നുവെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

മഴ പെയ്യുമ്പോൾ റോഡിലെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറയുന്നു. കൂടാതെ, റോഡിലെ കുഴികൾ, ബ്രേക്കിംഗിലെ അപര്യാപ്തത, ഹൈഡ്രോ പ്ലേനിംഗ് (Hydroplaning) സാധ്യത എന്നിവ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. ഈ സാഹചര്യത്തിൽ വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: "മഴക്കാലം വരവായ്, നിരത്തിൽ അപകടസാധ്യതകളും. കാഴ്ചയുടെ കുറവു കൊണ്ടും, നിരത്തിൽ ബ്രേക്കിംഗ് ദുഷ്‌കരമാകുന്നതു കൊണ്ടും, ഹൈഡ്രോ പ്ലേനിംഗ് സാദ്ധ്യത വർദ്ധിക്കുന്നതുകൊണ്ടും, കുഴികളും മറ്റ് തടസ്സങ്ങൾ വർദ്ധിക്കുന്നതുകൊണ്ടും, നിരത്തുകളിൽ അപകട സാധ്യത പതിന്മടങ്ങ് വർദ്ധിക്കുന്ന കാലമാണ്."

പ്രത്യേകിച്ച് സൈക്കിൾ യാത്രക്കാരും കാൽനടയാത്രക്കാരും തങ്ങളെ മറ്റുള്ള വാഹന ഡ്രൈവർമാർക്ക് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കി, വെള്ളയോ മഞ്ഞയോ പോലുള്ള ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. രാത്രികാലങ്ങളിൽ റിഫ്ലക്ടീവ് ജാക്കറ്റുകൾ ധരിക്കുന്നത് സുരക്ഷ വർദ്ധിപ്പിക്കും. "കാണുക എന്നതു പോലെ തന്നെ പ്രധാനമാണ് കാണപ്പെടുക എന്നതും" എന്ന് മോട്ടോർ വാഹന വകുപ്പ് ഓർമ്മിപ്പിക്കുന്നു.

Photo and News Source: Kairali News