തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് വോട്ട് കുറയാനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ പാര്‍ട്ടി കുടുംബങ്ങളെ നേരിട്ട് കണ്ട് വിവരശേഖരണം നടത്താന്‍ നേതൃത്വത്തിന്റെ തീരുമാനം. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ജില്ലാ കമ്മിറ്റികളോട് ഇതിനായുള്ള പ്രത്യേക പദ്ധതികള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി കുടുംബങ്ങള്‍ പോലും സിപിഎമ്മിനെ കൈവിട്ടു എന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. കണ്ണൂരിലുണ്ടായ തിരിച്ചടികള്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കോടിക്കണക്കിന് നോട്ടീസുകള്‍ അച്ചടിച്ചെങ്കിലും അവ പാര്‍ട്ടി കുടുംബങ്ങളില്‍ പോലും എത്തിയില്ലെന്ന് നേതൃത്വം തിരിച്ചറിയുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു.

നേരത്തെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീടുകള്‍ സന്ദര്‍ശിച്ച് അഭിപ്രായം തേടുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഫോട്ടോ എടുക്കലില്‍ മാത്രം ഒതുങ്ങിപ്പോയെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദം പോലുള്ള വിഷയങ്ങളില്‍ മറുപടി പറയാന്‍ കഴിയാത്തതിനാല്‍ പല ഏരിയാ കമ്മിറ്റികളും വീടുകളിലേക്ക് പോകാന്‍ മടിച്ചുനിന്നു. മുതിര്‍ന്ന പ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും നേതൃത്വം ഗൗരവമായി എടുത്തില്ല.

ഇത്തവണത്തെ തോല്‍വിയുടെ ആഴം മനസ്സിലാക്കാനും ജനവികാരം കൃത്യമായി അറിയാനും തെരഞ്ഞെടുത്ത പാര്‍ട്ടി കുടുംബങ്ങളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം. പാര്‍ട്ടിയുടെ അടിത്തറയിലുണ്ടായ വിള്ളലുകള്‍ പരിഹരിക്കാന്‍ ഈ വിവരശേഖരണം സഹായിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

Photo and News Source: Janmabhumi