മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ബാഴ്‌സലോണയിലെ ക്യാമ്പ് നൗ സ്റ്റേഡിയത്തിൽ വെച്ച് ഒരു ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു. മുഹ്‌സിൻ പരാരി സംവിധാനം ചെയ്യുന്ന 'ഗ്രേഷ്യസ് എൽ ക്ലാസ്സിക്കോ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റയൽ മാഡ്രിഡ് - ബാഴ്‌സലോണ എൽ ക്ലാസ്സിക്കോ മത്സരത്തിനിടെയാണ് പുറത്തിറക്കിയത്. ടൊവിനോ തോമസും നസ്രിയ നസീമും ചേർന്നാണ് സ്റ്റേഡിയത്തിൽ വെച്ച് തത്സമയം ടൈറ്റിൽ പോസ്റ്റർ അനാവരണം ചെയ്തത്.
ഇന്ത്യൻ സമയം പുലർച്ചെ 12.30-ഓടെയായിരുന്നു ഈ അപൂർവ്വമായ ടൈറ്റിൽ ലോഞ്ച് നടന്നത്. സ്പാനിഷ് ലാ ലിഗയിലെ നിർണ്ണായകമായ എൽ ക്ലാസ്സിക്കോ പോരാട്ടത്തിന്റെ കിക്കോഫ് സമയത്ത് തന്നെ മലയാളം സിനിമയുടെ ടൈറ്റിൽ പുറത്തുവന്നത് സിനിമാ പ്രേമികൾക്കിടയിൽ വലിയ കൗതുകമായി. ഇതിനായി ടൊവിനോയും നസ്രിയയും നേരിട്ട് ബാഴ്‌സലോണയിൽ എത്തിയിരുന്നു.
'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകൻ സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസ്, ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സ്, ബാബുഏട്ടൻ ഫിലിംസ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
വിഷ്ണു തണ്ടശ്ശേരി ഛായാഗ്രഹണവും ബ്ലെസ് തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഹർഷാദ് അലി ക്രിയേറ്റീവ് ഡയറക്ടറായും മഷർ ഹംസ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. വമ്പൻ താരനിരയും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം നോക്കിക്കാണുന്നത്.
Photo and News Source: Asianet News










