തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി ടിവികെ (TVK) പ്രകടനപത്രികയിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് മന്ത്രി കീർത്തന സമ്പത്ത് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വലിയ പിന്തുണയാണ് പാർട്ടിക്ക് ലഭിച്ചത്. വിജയ് മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ കീർത്തന, ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
29-ാം വയസ്സിൽ മന്ത്രിപദത്തിലെത്തിയ കീർത്തന, താൻ ഉൾപ്പെടെയുള്ള പുതുമുഖങ്ങൾക്ക് വിജയിക്കാൻ സാധിച്ചത് സ്ത്രീ വോട്ടർമാർ വിജയ്‍യിൽ അർപ്പിച്ച വിശ്വാസം കൊണ്ടാണെന്ന് പറഞ്ഞു. ടിവികെയിലെ 13 വനിതാ എംഎൽഎമാരിൽ വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ലഭിച്ചത് തനിക്ക് മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദധാരിയായ കീർത്തന, തെരഞ്ഞെടുപ്പ് തന്ത്രജ്ഞർക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് രാഷ്ട്രീയത്തിൽ സജീവമായത്.
ശിവകാശിയിലെ പടക്കശാലകളിലെ അപകടങ്ങൾ 50 മുതൽ 70 ശതമാനം വരെ കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി നാട്ടുകാരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കുമെന്നും അവർ വ്യക്തമാക്കി. സ്ത്രീസുരക്ഷയ്ക്കായി പ്രഖ്യാപിച്ച ദൗത്യസേന ഇതിന്റെ തുടക്കം മാത്രമാണെന്നും കീർത്തന പറഞ്ഞു.
സർക്കാരിന്റെ ഭാഗമായ എല്ലാവർക്കും വിജയ് നൽകിയ ഉപദേശം വളരെ വ്യക്തമായിരുന്നുവെന്ന് കീർത്തന ഓർക്കുന്നു. "കഠിനമായി അധ്വാനിക്കണമെന്നും ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നുമാണ് അദ്ദേഹം നൽകിയ ഉപദേശം. ജനസേവകരായി പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്," കീർത്തന പറഞ്ഞു. മധ്യവർഗ കുടുംബത്തിൽ നിന്നുള്ള തനിക്ക് കഴിഞ്ഞ ഒരു മാസം സ്വപ്നതുല്യമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Photo and News Source: Asianet News










