ബ്രിട്ടനിലെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങൾ പാശ്ചാത്യ രാഷ്ട്രീയത്തിൽ ശക്തിപ്രാപിക്കുന്ന തീവ്രവലതുപക്ഷ തരംഗത്തിന്റെ ഭീതിദമായ സൂചനകളാണ് നൽകുന്നത്. യാഥാസ്ഥിതിക കക്ഷികളിൽ നിന്നും ലേബർ പാർട്ടിയിൽ നിന്നും വോട്ടുകൾ ചോർന്ന് വംശീയത ഉയർത്തിപ്പിടിക്കുന്ന പാർട്ടികളിലേക്ക് എത്തുന്നത് ബ്രിട്ടീഷ് ജനതയിൽ ഫാസിസ്റ്റ് ആശയങ്ങൾ വേരുറയ്ക്കുന്നു എന്നതിന്റെ തെളിവാണ്. മുഖ്യധാരാ പാർട്ടികൾ പിന്തുടരുന്ന വിഭജന തന്ത്രങ്ങൾ തീവ്രവലതുപക്ഷത്തിന് വളരാനുള്ള സാഹചര്യം ഒരുക്കുകയാണ്.

ഇംഗ്ലണ്ടിലെ 136 കൗൺസിലുകളിലും സ്കോട്ടിഷ്, വെൽഷ് പാർലമെന്റുകളിലുമായി നടന്ന തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കും കൺസർവേറ്റീവുകൾക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ലേബർ പാർട്ടിക്ക് ഏകദേശം 1,500 കൗൺസിൽ സീറ്റുകളും 40-ഓളം കൗൺസിലുകളുടെ നിയന്ത്രണവും നഷ്ടമായി. കൺസർവേറ്റീവുകൾക്ക് 500-ലധികം സീറ്റുകൾ നഷ്ടപ്പെട്ടപ്പോൾ, കുടിയേറ്റ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന നിഗൽ ഫറാഷിന്റെ റിഫോം യു കെ (Reform UK) 1,400-ലധികം സീറ്റുകൾ നേടി അട്ടിമറി വിജയം കൈവരിച്ചു.

സ്കോട്ട്‌ലാൻഡിലും വെയിൽസിലും സമാനമായ രാഷ്ട്രീയ മാറ്റങ്ങളാണ് ദൃശ്യമായത്. വെയിൽസിൽ പ്ലെയ്ഡ് സിമ്രു വലിയ കക്ഷിയായി മാറിയപ്പോൾ, റിഫോം യു കെ അവിടെയും ശക്തമായ സാന്നിധ്യം അറിയിച്ചു. ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടന്റെ രാഷ്ട്രീയക്രമം ഉദാരസമീപനങ്ങളിൽ നിന്ന് മാറി തീവ്രവലതുപക്ഷത്തേക്ക് ചായുന്നത് ഗൗരവകരമായ ആശങ്കയാണ് ഉയർത്തുന്നത്.

തിരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ച പ്രധാനമന്ത്രി കെയ്ർ സ്റ്റാർമെർ, വോട്ടർമാരുടെ സന്ദേശം ഗൗരവമായി കാണുന്നുവെന്നും ഭാവിയിൽ തിരുത്തലുകൾ വരുത്തുമെന്നും വ്യക്തമാക്കി. “വോട്ടർമാർ നൽകുന്ന സന്ദേശം നമ്മെ ചിന്തിപ്പിക്കുകയും അതനുസരിച്ച് പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മൾ മുന്നോട്ടുള്ള പാത ഒരുക്കണമെന്ന് ഞാൻ കരുതുന്നു. വരും ദിവസങ്ങളിൽ അതാണ് ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നത്” എന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത പാർട്ടികൾക്ക് തങ്ങളുടെ നയങ്ങൾ പുനഃപരിശോധിക്കേണ്ടി വരുമെന്നതാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്ന പ്രധാന പാഠം.

Photo and News Source: Siraj Live